കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍.അത്യാവശ്യയാത്രകള്‍ മാത്രമാണ് നാളെ അനുവദിക്കുക. ഇതിനായി കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.ഹോട്ടലുകളും പഴം–പച്ചക്കറി–പലചരക്ക്–പാല്‍, മത്സ്യം–മാംസം എന്നിവ വില്‍ക്കുന്ന കടകളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുത്തി ഭക്ഷണം നൽകാൻ പാടില്ല.
വിവാഹം, മരണാനനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് മാത്രമാണ് നാളെ അനുമതി. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കാം. ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും താമസം സംബന്ധിച്ച രേഖ ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും. കെഎസ്ആർടി അത്യാവശ്യ സർവീസുകൾ നടത്തും.
ഞായറാഴ്ച ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശംവച്ച് യാത്രചെയ്യാം. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാം.
അതേസമയം, പിഎസ്‌സി പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ 27 ലേക്കു മാറ്റി. ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ 28 ലേക്കും 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കും മാറ്റിയിട്ടുണ്ട്.