സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. പ്രതികള്‍ ഒളിച്ചിരുന്ന മലയുടെ അടിവാരത്തെ ഒരു പാറയുടെ അടിയിലായിരുന്നു ഫോണുകള്‍ ഒളിപ്പിച്ചിരുന്നത്. പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നാല് ഫോണുകള്‍ കണ്ടെത്തിയത്. ഷാജഹാന്‍ വധക്കേസിലെ നിര്‍ണായക തെളിവാണിതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം അറസ്റ്റിലായ ബിജെപിയുടെ പ്രാദേശിക ഭാരവാഹിയായ ജിനേഷാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് ഭക്ഷണം വാങ്ങിനല്‍കിയതും പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ തന്റെ വീടിന് സമീപത്തെ കാട്ടിനുള്ളില്‍ ഒളിപ്പിച്ചതും ജിനേഷാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച നടത്തിയ തെളിവെടുപ്പില്‍ കവറില്‍ പൊതിഞ്ഞനിലയിലാണ് നാല് ഫോണുകളും പൊലീസ് കണ്ടെടുത്തത്.
11-ാം പ്രതിയാണ് ജിനേഷ്. ഇന്നലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതിയായ ആവാസ് ജോലിചെയ്യുന്ന കല്ലേപ്പുള്ളിയിലെ കോഴിക്കടയിലും ഞായറാഴ്ച പോലീസ് തെളിവെടുപ്പ് നടത്തി. ഇവിടെവെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നും ആയുധങ്ങള്‍ കൈമാറിയതെന്നും പൊലീസ് പറഞ്ഞു.
നാല് പേരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ജിനേഷിനെ കൂടാതെ കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്‍ഥന്‍, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. അറസ്റ്റിലായ ആവാസ് ആര്‍എസ്എസ് മുഖ്യ ശിക്ഷക് ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ആവാസിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് കഴിഞ്ഞ ദിവസം കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ആവാസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ആവാസിനൊപ്പം കാണാനില്ലെന്ന് പരാതി നല്‍കിയ ജയരാജിനെക്കുറിച്ച് ഇതുവരെ പൊലീസ് ഒന്നും വ്യക്തമാക്കിയിട്ടില്ല. ആഗസ്റ്റ് 14ന് രാത്രിയാണ് സിപിഎം പ്രവര്‍ത്തകനായ ഷാജഹാനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു.