കോട്ടയം: വിലാപയാത്രയ്ക്കിടെ ഫെയ്സ്ബുക് ലൈവിലൂടെ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ സിനിമ സംഘടനകൾ രംഗത്ത്. പൊലീസ് കേസ് നോക്കി തീരുമാനമെടുക്കുമെന്നാണു സിനിമാ സംഘടനാ പ്രതിനിധികൾ അറിയിച്ചത്.
നിലവിൽ വിനായകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനായകനെ ചോദ്യം ചെയ്തേക്കുമെന്നാണു വിവരം. അതേസമയം, കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. തന്റെ പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
അതു വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്സ്ബുക് ലൈവിലൂടെ വിനായകന്റെ പരാമർശം. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നടൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.