റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം പഞ്ചായത്തിലെ മുറിയനാല്‍, ചൂലാംവയല്‍, പതിമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് അനര്‍ഹമായി കൈവശം വെച്ച 26 മുന്‍ഗണന, സബ്സിഡി വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്ക്വാഡ് പിടിച്ചെടുത്തു. ഇരുനില വീട്, വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവര് തുടങ്ങിയവര്‍ ഉള്‍പ്പെട്ട കാര്‍ഡുകളാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ.എന്‍.കെ,അസി. താലൂക്ക് സപ്ലൈ ഓഫീസറായ അനൂപ്. ടി. സി, റേഷനിംഗ് ഇന്‍സ്പെക്ടറായ രമേഷ് കുമാര്‍. എ. വി, ജീവനക്കാരായ റിഷാജ്. കെ, പി. കെ മൊയ്തീന് കോയ എന്നിവര്‍ പങ്കെടുത്തു.
പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വിലയും പിഴയും ഈടാക്കുന്നതിനുള്ള നടപടികള്‍ ഭക്ഷ്യഭദ്രതാ നിയമപ്രകാരം സ്വീകരിക്കും. ഇപ്രകാരം അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ കാര്‍ഡുകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. അല്ലാത്തപക്ഷം പിഴയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വില ഈടാക്കുന്നതും കാര്‍ഡുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ഭക്ഷ്യഭദ്രതാ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.
സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്ഷണര്, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ / ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്സി ഒഴികെ), കുടുംബത്തിന് പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ/എ.എ.വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കാര്‍ഡുകള്‍ പിടിച്ചെടുക്കുന്നതിനുള്ള റെയ്ഡ് തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.