ഇപ്പോളുള്ള വിളി വെറുതെയല്ല. ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനായാണ് സഞ്ജു സാംസണെ ഇന്ത്യന്‍ എ ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇനി ഒഴിവുവരാനുള്ള സ്ഥാനം വിക്കറ്റ് കീപ്പറുടേതാണ്. ആ സ്ഥാനത്തേക്ക് താന്‍ യോഗ്യനാണെന്ന് സഞ്ജു പലവട്ടം തെളിയിച്ചതുമാണ്. എങ്കിലും സ്ഥിരതയില്ലായ്മ ഇന്ത്യന്‍ ടീമിലേക്കുള്ള സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു.
ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ താന്‍ തന്നെയെന്ന് തെളിയിക്കാന്‍ മികച്ച പ്രകടനം ടൂര്‍ണമെന്റിലാവശ്യമാണ്. ശ്രേയസ് അയ്യരും ഇഷാന്‍ കിഷനുമെല്ലാം വെല്ലുവിളിയായിത്തന്നെ മുന്നിലുണ്ട്. സമീപകാലത്ത് മുന്‍ താരങ്ങളും മറ്റും ഇത്രയേറെ പുകഴ്ത്തിയ യുവതാരം വേറെയുണ്ടാവില്ല. ലോകകപ്പില്‍ നാലാം നമ്പറില്‍ സഞ്ജു കളിക്കണമെന്നായിരുന്നു ഇന്ത്യന്‍ ഓപ്പണറായിരുന്ന ഗൗതം ഗംഭീറിന്റെ നിര്‍ദേശമെന്നത് തന്നെ അതിന് ഉദാഹരണമാണ്.
ഇടക്കാലത്ത് വിക്കറ്റ് കീപ്പിംഗ് ഒഴിവാക്കിയതാണ് സഞ്ജു തന്റെ കരിയറില്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോളെല്ലാം സഞ്ജുവിന് ഫീല്‍ഡറുടെ റോളായിരുന്നു. ഇന്ത്യ എ ടീമില്‍ വിക്കറ്റ് കീപ്പറായാണ് സഞ്ജു തിരിച്ചെത്തുന്നത്. കീപ്പിംഗിലൂടെയേ നിലവില്‍ ടീം ഇന്ത്യയില്‍ ഇടംപിടിക്കാന്‍ സഞ്ജുവിന് അവസരമുളളു. സമീപഭാവിയില്‍ ടീം ഇന്ത്യയില്‍ ഒഴിഞ്ഞുകിടക്കുക ഈ സ്ഥാനം മാത്രമാണ്. നിലവില്‍ ധോണിക്ക് പകരക്കാരനായി കളിക്കുന്ന റിഷബ് പന്ത് ഇതുവരെ സ്ഥിരത പുറത്തെടുത്തിട്ടില്ല. അതിനാല്‍ ഇതൊരു വലിയ അവസരം തന്നെയാണ്.