മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമ ഗൂഢാലോചനക്കേസില്‍ വാട്സ് ആപ് ചാറ്റ് തെളിവല്ലെന്ന് കോടതി. കെ.എസ് ശബരിനാഥിന്റെ ജാമ്യ ഉത്തരവില്‍ കോടതി നടത്തിയത് നിര്‍ണായക നിരീക്ഷണങ്ങള്‍. വധശ്രമ ഗുഡാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിക്കതിരെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
ശബരീനാഥിനു നേരെ ചുമത്തിയിട്ടുള്ള കേസില്‍ വാട്സ് ആപ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഒരു തെളിവായി പരിഗണിക്കാനാവില്ല. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിക്കാനുള്ള ഒരു ഗൂഢാലോചനയായി ഈ ചാറ്റിനെ കണക്കാക്കാന്‍ സാധിക്കില്ല. അതൊരു സമരാഹ്വാനം മാത്രമാണെന്നും കോടതി വിലയിരുത്തി.
കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ പോലീസ് നേരത്തെ ചോദ്യം ചെയ്തതാണ്. എല്ലാ പ്രതികളുടെയും മൊബൈല്‍ ഫോണ്‍ വ്യക്തമായി പരിശോധിച്ചതുമാണ്. അപ്പോള്‍ ഒന്നും തന്നെ വധശ്രമ ഗൂഢാലോചന നടന്നതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പോലീസ് നോട്ടീസ് നല്‍കിയപ്പോള്‍ തന്നെ കൃത്യസമയത്ത് ഹാജരാകുകയും അന്വേഷണത്തില്‍ സഹകരിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ മുന്‍ എംഎല്‍എയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതാണെന്നും കോടതി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കുന്നു.