കലാപം രൂക്ഷമായ മണിപ്പൂരിൽ ജനങ്ങൾക്ക് നേരിയ ആശ്വാസമായി ഹൈക്കോടതി ഉത്തരവ് . സംസ്ഥാനത്ത് ഭാഗികമായി ഇന്റർനെറ്റ് സേവനങ്ങൾ അനുവദിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇന്റർനെറ്റ് സേവനം ജനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി
സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അഹന്തേം ബിമോൾ സിംഗ്, എ ഗുണേശ്വർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചതെന്ന് അഭിഭാഷകർ പറഞ്ഞു.
മെയിറ്റികൾക്ക് പട്ടികവർഗ്ഗ പദവി നൽകുന്ന കാര്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കുക്കികളും മെയ്റ്റികളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മെയ് 3 മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. നേരത്തെ ന്യൂനപക്ഷമായ കുക്കി ആദിവാസികൾക്ക് സൈന്യത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.