സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നാണുവിനെ കൊന്നവരെ സുധാകരന് അറിയാം. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ സുധാകരന്‍റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ജയരാജൻ പറഞ്ഞു.
സുധാകരന്‍റെ കാലത്ത് ഡി.സി.സി ഒാഫീസ് ബോംബ് നിർമാണശാലയായിരുന്നു. അന്ന് കൊലയാളികൾ ഡി.സി.സി ഒാഫീസിൽ നിന്നാണ് പോയത്. കണ്ണൂർ ഡി.സി.സി ഒാഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുലിന്‍റെ വെളിപ്പെടുത്തൽ നിർണായകമാണെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.
സേവറി നാണു, നാൽപാടി വാസു വധക്കേസുകളിൽ കുറ്റസമ്മതമാണ് സുധാകരൻ നടത്തിയത്. സേവറി നാണു മരിക്കാനിടയായ ബോംബാക്രമണം ആസൂത്രിതമാണ്. കൊലപാതകങ്ങളിൽ സുധാകരന്‍റെ പങ്ക് ജനം തിരിച്ചറിഞ്ഞതാണ്. പുനരന്വേഷണം നടത്തണമെന്ന നാണുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം ന്യായമാണെന്നും വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.