പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ പിടിക്കാന്‍ താന്‍ സ്ഥാപിച്ച വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റാണ് പൊലീസുകാര്‍ മരിച്ചതെന്ന് സുരേഷ് സമ്മതിച്ചിട്ടുണ്ടെന്ന് പാലക്കാട് എസ് പി ആര്‍ വിശ്വനാഥ് പറഞ്ഞു.
സുരേഷിനെതിരെ ബോധപൂര്‍വമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ച ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സുരേഷ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ശേഷം ഉറങ്ങാന്‍ പോയി. ഇടയ്ക്ക് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പൊലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലുള്ള കൈവണ്ടിയില്‍ കയറ്റിയാണ് ഒരാളുടെ മൃതദേഹം സുരേഷ് വയലിലേക്ക് കൊണ്ടുപോയിട്ടത്. രണ്ടാമത്തെയാളുടെ മൃതദേഹം ചമന്ന് കൊണ്ട് പോയും വയലില്‍ ഉപേക്ഷിച്ചു. പൊലീസുകാരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ക്യാമ്പിനു അടുത്ത് കൊണ്ടിട്ടതും സുരേഷാണ്. ഇയാള്‍ക്ക് പുറത്ത് നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. ഇയാള്‍ക്കൊപ്പം മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് പൊലീസുകാരെ പാടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടില്‍ മാരിമുത്തു ചെട്ടിയാരുടെ മകന്‍ അശോകന്‍ (35), തരൂര്‍ അത്തിപ്പൊറ്റ തുണ്ടുപറമ്പില്‍ വീട്ടില്‍ മോഹന്‍ദാസ് (36) എന്നിവരാണ് മരിച്ചത്.