ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം.സംസ്ഥാന സെക്രട്ടേറിയറ്റിലെടുത്ത തീരുമാനമനുസരിച്ച് നാളെ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് സിപിഎം.
ഇടത് മുന്നണിക്ക് തിരിച്ചടിയായി നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് ഹൈക്കോടതി വിധി വന്നത്. ഇതോടെ, ദേവി കുളം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി നിയമസഭയിലെത്തിയ എ രാജയുടെ വിജയവും ഹൈക്കോടതി അസാധുവാക്കി. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതിയിടെ നടപടി.ഇത് രണ്ടാം തവണയാണ് ദേവികുളത്ത് തെരെഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്നത്. 1957ൽ ദേവികുളത്ത് നിന്ന് ജയിച്ച റോസമ്മ പുന്നൂസിന്‍റെ വിജയം 58ൽ കോടതി അസാധുവാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസ് ജയിച്ചുകയറിയതും ചരിത്രം.
ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി.എസ്.ഐ. പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തിൽപ്പെട്ടതാണെന്നും ഹർജിയിലുണ്ടായിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. പട്ടിക ജാതിസംവരണ വിഭാഗത്തിൽപ്പെട്ട മണ്ഡലത്തിൽ രാജയുടെ നാമനിർദേശപത്രിക വരണാധികാരി നേരത്തെ തന്നെ തള്ളേണ്ടതായിരുന്നെന്നും ഹിന്ദു പറയ സമുദായത്തിൽപ്പെട്ടയാളാണ് താനെന്ന രാജയുടെ വാദം അഗീകരിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്.