കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു – മൈസൂരു പത്തുവരിപ്പാത തുറന്നതോടെ വലിയ പ്രതീക്ഷയിലാണ് മലയാളികൾ. പ്രത്യേകിച്ച വടക്കൻ കേരളത്തിലുള്ളവർ. ഇതിന് പിന്നാലെ തന്നെ വടക്കൻ കേരളത്തേയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന രണ്ട് പുതിയ റോഡുകൾ കൂടി വരുന്നതാണ് പുറത്തുവരുന്ന വാർത്തകൾ.
മടിക്കേരി – കണ്ണൂർ, മൈസൂരു – കുശാൽനഗർ എന്നീ പുതിയ ദേശീയപാതകളുടെ പേരുകളാണ് ഏറ്റവുമൊടുവിലായി പറഞ്ഞുകേൾക്കുന്നത്. രടണ്ട് പുതിയ പാതകൾക്കുമായി കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇതോടെ കുക്, ഹാസൻ ജില്ലകളിലേക്കും കണ്ണൂർ വിമാനത്താവളത്തിനും അഴീക്കൽ തുറമുഖത്തിനും പുതിയ പാതകൾ നേട്ടമുണ്ടാകും.
കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ കണ്ണൂർ – കൂട്ടുപുഴ റോഡ് ദേശീയപാതയായി ഉയർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു.
മൈസൂരു – ബെംഗളൂരു എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് പിന്നാലെ തന്നെ മൈസൂരു – കുശാൽനഗർ നാലുവരിപ്പാതയുടെ നിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടിരുന്നു.
മടിക്കേരി – കൂട്ടുപുഴ – കണ്ണൂർ റോഡ് നാലുവരിയായി വികസിപ്പിക്കാൻ ചിലയിടങ്ങളിൽ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. കർണാടക വനമേഖലയിലൂടെയുള്ള പാതയായതിനാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമാണ്. ഈ പാത യാഥാർത്ഥ്യമായാൽ കുടകിലെ കയറ്റുമതി മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം പ്രയോജനപ്പെടും.