
ബസ് പെർമിറ്റിനായി പണവും മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ എറണാകുളം ആർടിഒ ജെർസനെതിരെ വിശദമായ അന്വേഷണം നടത്താനൊരുങ്ങി വിജിലൻസ്. ഇയാൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് വിജിലൻസ് സംശയിക്കുന്നത്. ജെർസന്റേയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജെർസൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് ഇന്ന് മോട്ടോർ വാഹന വകുപ്പിന് കൈമാറും. ഉദ്യോഗസ്ഥനെതിരെ ഗതാഗത വകുപ്പും നടപടിയെടുക്കും. ജെർസനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന. കൈക്കൂലി കേസിൽ ജെർസനെ കൂടാതെ ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.ചെല്ലാനം സ്വദേശിയുടെ പരാതിയിലാണ് നടപടി. ചെല്ലാനം – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സുഹൃത്തിന്റെ പേരിലുളള പ്രൈവറ്റ് ബസിന്റെ റൂട്ട് പെർമിറ്റ് ഈ മാസം മൂന്നാം തീയതി അവസാനിച്ചിരുന്നു. പെർമിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നൽകുന്നതിന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ജെർസൺ ഈ മാസം ആറാം തീയതി വരെ ബസിന് താൽക്കാലിക പെർമിറ്റ് അനുവദിക്കുകയും അതിനുശേഷം പലകാരണങ്ങൾ പറഞ്ഞ് മനഃപൂർവം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.രാമപടിയാർ പരാതിക്കാരനെ നേരിൽ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിന് സജിയുടെ കൈയിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് ജെർസൺ പറഞ്ഞതായി അറിയിച്ചു. ഇതോടെ പരാതിക്കാരൻ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.