തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുമ്പോഴും കോടതി മുറിയില്‍ കൂസലില്ലാതെ ഗ്രീഷ്മ. വിധികേട്ടിട്ടും ഗ്രീഷ്മ ഒന്നും പ്രതികരിച്ചില്ല.
കുറ്റബോധമോ മരവിപ്പോ എന്തെന്ന് മനസിലാക്കാന്‍ കഴിയാത്തവിധം തികഞ്ഞ മൗനത്തിലായിരുന്നു ഗ്രീഷ്മ. വിധി കേട്ട് ഷാരോണിന്റെ അച്ഛനും അമ്മയും കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. നേരത്തെ, ഷാരോണിന്റെ കുടുംബത്തെ ജഡ്ജി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് വിധി കേള്‍ക്കാനായി ഇരുവരും കോടതി മുറിയിലെത്തിയത്.
വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകന്‍ ഷാരോണ്‍ രാജിനെ കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മക്ക് വധശിക്ഷയാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിര്‍മല കുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവും വിധിച്ചു.