ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. . തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും.
ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സംഘർഷസാധ്യതമേഖലകളിലെല്ലാം വാഹനപരിശോധന കർശനമാക്കുമെന്നും ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തുമെന്നും ഡിജിപി അറിയിച്ചു . ഇരട്ടകൊലപാതകങ്ങളിൽ ഇൻ്റലിജൻസ് വീഴ്ചയുണ്ടായതായി പറയാനാവില്ലെന്നും പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു. പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ഇത്തരം ആളുകളെ മുൻകരുതൽ കസ്റ്റഡിയിൽ എടുക്കുമെന്നും ഡിജിപി അറിയിച്ചു. അതേസമയം ഇരട്ടകൊലപാതകങ്ങൾ തടയുന്നതിൽ പൊലീസ് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അനിൽ കാന്ത് പറഞ്ഞു.
ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ പാലക്കാട്ട് ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടപ്പോഴും സമാനമായ നിർദേശം ഡിജിപി നൽകിയിരുന്നു. പാലക്കാട്ടെ ആർഎസ്എസ് നേതാവിൻ്റെ കൊലപാതകത്തിന് മറ്റേതെങ്കിലും ജില്ലയിൽ പ്രതികാരം ചെയ്യാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു ഈ നടപടി.
ഇരട്ടക്കൊലയിലെ തുടരന്വേഷണവും ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടികൾക്കും ഐജി നേരിട്ട് മേൽനോട്ടം വഹിക്കും .

