പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണവും പണവും മോഷ്ടിച്ച കേസില്‍ ഹോം നഴ്‌സ് പിടിയില്‍. തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റാമം ഷഹാന മന്‍സിലില്‍ റംഷാദിനെയാണ് (23) എളമക്കര പൊലീസ് പിടികൂടിയത്. എറണാകുളം കലൂര്‍ ദേശാഭിമാനി റോഡിലെ വീട്ടില്‍ നിന്ന് 7 പവന്‍ സ്വര്‍ണാഭരണവും 7500 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കാനായാണ് റംഷാദെത്തിയത്. അതിനിടെ മോഷണം നടത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് 35 കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ ദിവസം 7 പവന്‍ സ്വര്‍ണാഭരണവും പണവും കാണാതായതിനെ തുടര്‍ന്ന് മഅ്ദനിയുടെ മകന്‍ സലാഹുദീന്‍ അയ്യൂബി എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളില്‍ വെച്ചിരുന്ന സ്വര്‍ണവും പണവും കാണാനില്ലെന്ന് ഞായറാഴ്ചയാണ് വീട്ടുകാര്‍ അറിയുന്നത്. വീട്ടിലെയും സമീപത്തെയും സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം നഴ്സായ റംഷാദിനെ കസ്റ്റഡിയിലെടുത്ത്.
ഇന്നലെ റംഷാദിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ 2 പവന്റെ കൈചെയിന്‍ കണ്ടെത്തി. ബാക്കി സ്വര്‍ണം വില്‍ക്കാനായി കൂട്ടുകാരന് നല്‍കിയെന്നാണ് പ്രതി പറയുന്നത്. കൂട്ടുകാരനായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി അബ്ദുള്‍ നാസര്‍ മഅ്ദനി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്ആശുപത്രിയില്‍ ചികിത്സയിലാണ്.