കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകൾ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന സർക്കാർ നിർദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. അതേസമയം തീയേറ്ററുകൾ തുറക്കുന്നതിന് മുമ്പ് വിനോദ നികുതി ഇളവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ചലച്ചിത്ര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സിനിമ തീയേറ്ററുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തുറക്കുവാൻ നേരത്തെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തെ തീയേറ്ററുകൾ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്. അതേസമയം സമീപ സംസ്ഥാനമായ തമിഴ്നാട്ടിലും മറ്റും ഇതിനോടകം തീയേറ്ററുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.