News Uncategorised

അറിയിപ്പുകൾ

നദീതീരങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച (23) വരെ നദീതീരങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.
ഭാരതപ്പുഴ, പെരിയാർ, അപ്പർ പെരിയാർ, പമ്പ നദീതീരങ്ങളിൽ ഒക്‌ടോബർ 19 ന് 11 – 25 mm മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും നാളെ (ഒക്‌ടോബർ 20 – ബുധനാഴ്ച) ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി, നദീതീരങ്ങളിൽ 26 – 37 mm മഴയും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 – 25 mm മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബര് 21 വ്യാഴാഴ്ച ഭാരതപ്പുഴ,പെരിയാർ,ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി,അച്ചൻകോവിൽ നദീതീരങ്ങളിൽ 38 – 50 mm മഴയും മീനച്ചിലിൽ 26 – 37 mm മഴയും അച്ചന്കോവിലിൽ 11 – 25 mm മഴയും ലഭിക്കാൻ സാധ്യത.
ഒക്ടോബര് 22 വെള്ളിയാഴ്ച ഭാരതപ്പുഴ,പെരിയാർ,ലോവർ പെരിയാർ, അപ്പർ പെരിയാർ, ചാലക്കുടി,മീനച്ചിൽ നദീതീരങ്ങളിൽ 38 – 50 mm മഴയും പമ്പ അച്ചൻകോവിൽ നദീതീരങ്ങളിൽ 26 – 37 mm മഴയും ലഭിക്കാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം – മുഖ്യമന്ത്രി

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രധാന മഴക്കാലത്തിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നതു കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുകുന്നതിനും സാധ്യത വളരെ കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുച്ചിട്ടുണ്ട്.
ജി.എസ്. ഐ യുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സംഘങ്ങളുടെ പഠനങ്ങളിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെ മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ നിർബന്ധമായും സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. നദിക്കരയോട് ചേർന്ന് അപകടകരമായ അവസ്ഥയിൽ താമസിക്കുന്നവരെയും നദികളുടെ ഒഴുക്ക് സാധാരണ നില കൈവരിക്കുന്നതുവരെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും നിർദേശിച്ചു.
ഒക്ടോബർ 20 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ഒക്ടോബർ 21 ന് കണ്ണൂർ, കാസർകോഡ് ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ കൂടുതലായും കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യത മേഖലയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം തന്നെ റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ക്യാമ്പുകൾ തയ്യാറാക്കേണ്ടതും ഈ വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതുമാണ്. പൊതുജനങ്ങൾ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകളുടെ വിവരം മനസ്സിലാക്കി വെക്കുകയും മഴ ശക്തിപ്പെടുന്ന ഉടനെ തന്നെ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറുകയും വേണം. അപകട സാധ്യതയുള്ള വീടുകളിൽ അധിവസിക്കുന്നവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉടനടി മാറേണ്ടതുമാണ്.
പകൽ സമയത്ത് മഴ മാറി നിൽക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാൻ പാടുള്ളതല്ല. കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരാവുന്നതും ചിലപ്പോൾ തെറ്റുകൾ സംഭവിക്കാവുന്നതുമാണ്. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിർദേശം പിൻവലിക്കുന്നത് വരെ സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഴ: പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത

മഴക്കാലത്ത് പകർച്ച വ്യാധികൾ പടരാനുള്ള സാധ്യത കൂടുതലുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ജയശ്രീ വി അറിയിച്ചു. സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടുമായും മലിനജലവുമായുള്ള സമ്പർക്കം എലിപ്പനി പോലുള്ള പകർച്ച വ്യാധികൾ ബാധിക്കാൻ കാരണമായേക്കുമെന്നതിനാൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും വെള്ളത്തിൽ ഇറങ്ങുകയും മാലിന്യങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്നവരും രോഗബാധയുണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഫലപ്രദമായ മരുന്നായ ഡോക്സി സൈക്ലിൻ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ഡോക്സി സൈക്ലിൻ ഗുളിക കഴിക്കാൻ രക്ഷാപ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലുമേർപ്പെടുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഇത് രോഗം വരാതിരിക്കാൻ സഹായിക്കും. കൂടാതെ മുട്ടുവരെ മറയുന്ന പാദരക്ഷകൾ , ഗ്ലാസ്, മാസ്ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ നിർബന്ധമായും ഉപയോഗിക്കണം. കുട്ടികളെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും രോഗസാധ്യതയുള്ള സ്ഥലങ്ങളും കളിക്കാൻ അനുവദിക്കരുത്. മലിന ജലവുമായി സമ്പർക്കമുണ്ടായാൽ കൈകളും കാലുകളും സോപ്പും വെള്ളവും ഉപയോഗിച്ച് ശരിയായി കഴുകണം. വ്യക്തിശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വീട്ടുപരിസരത്തും പൊതു ഇടങ്ങളിലും എലി അടക്കമുള്ള രോഗാണു വാഹകരായ ജീവികൾ പെരുകുന്നത് തടയുന്നതിന് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണം. പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കർശനമായി ഒഴിവാക്കുകയും അത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ വിവരമറിയിക്കുകയും ചെയ്യാൻ നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്.

ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു പകർച്ച വ്യാധിയാണ് എലിപ്പനി എന്ന പേരിലറിയപ്പെടുന്ന ലെപ്റ്റോ സ്പൈറോസിസ്. രോഗാണു വാഹകരായ എലി, നായ, പശു, ആട്,അണ്ണാൻ തുടങ്ങിയ മൃഗങ്ങളുടെ മൂത്രമോ വിസർജ്യങ്ങളോ കലർന്ന വെള്ളവുമായി സമ്പർക്കമുണ്ടാകുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. ശരീരത്തിലെ മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയെല്ലാം രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുകയും രോഗമുണ്ടാക്കുകയും ചെയ്യാം. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, വിറയലോട് കൂടിയ പനി, ശക്തമായ തലവേദന, പേശി വേദന, കണ്ണിൽ ചുവപ്പ് നിറമുണ്ടാകുക, കാൽമുട്ടിനു താഴെയുള്ള വേദന, നടുവേദന, ത്വക്കിലും കണ്ണിലും മഞ്ഞ നിറം, മഞ്ഞ മൂത്രം തുടങ്ങിയവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ . ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം കൂടിയുണ്ടെങ്കിൽ എലിപ്പനിയാണെന്ന് സംശയിക്കാം. ചിലരിൽ വയറുവേദന, വയറിളക്കം,ഛർദ്ദി, തൊലിപ്പുറത്തെ ചുവന്ന പാടുകൾ എന്നിവ കണ്ടേക്കാം. എലിപ്പനി സങ്കീർണ്ണമായി കരളിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്തേക്കാം. അതുകൊണ്ട് ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ തുടക്കത്തിൽ തന്നെ ചികിത്സ തേടാൻ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിനെ തടയുന്നതിനുള്ള വ്യക്തിഗതവും സാമൂഹികവുമായ ജാഗ്രതയോടൊപ്പം മറ്റു പകർച്ച വ്യാധികളെയും നാം ഗൗരവത്തോടെ കാണുകയും ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യ വകുപ്പ് നടത്തുന്ന ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്ന് ഡി എം ഒ അഭ്യർത്ഥിച്ചു.

Avatar

news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!