എരവന്നൂർ : എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് ഒരുക്കിയ കൗതുക വാർത്താപ്രദർശനം ശ്രദ്ധേയമായി. വിവിധ പത്രങ്ങളിലായി വിവിധ കാലങ്ങളിൽ വന്ന കൗതുക കാഴ്ചകളും വിവാഹം, പ്രസവം,വാഹനം, കെട്ടിടങ്ങൾ, മൃഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നൂറിലേറെ കൗതുകവാർത്തകളാണ് കുട്ടികൾക്കായി പ്രദർശിപ്പിച്ചത്.33 കാരനു വധുവായി 104 കാരി ,2 വയസ്സുകാരൻ ഒരു ദിവസം വലിക്കുന്നത് 40 സിഗരറ്റ് ,കാന്തമായി പതിനൊന്നുകാരന്റെ ശരീരം,കോഴിമുട്ടയിൽ നിന്ന് പാമ്പ് ,കൂകി ഉണർത്തുന്ന പിടക്കോഴി ,പ്രസവിച്ച അച്ഛൻ ,കോഴി പ്രസവിച്ചു ,ഉറങ്ങാത്ത മനുഷ്യൻ എന്നിങ്ങനെയുള്ള കൗതുക വാർത്തകളുടെ പ്രദർശനവും ലൈബ്രറി വിതരണോദ്ഘാടനവും എരവന്നൂർ ശ്രുതി വായനശാല പ്രസിഡന്റ് പി.ഒ.സുധാകരൻ മാസ്റ്റർ നിർവ്വഹിച്ചു. സാഹിത്യ ക്വിസ്, വായനക്കുറിപ്പ് മത്സരം, വായന മത്സരം എന്നിവയും സംഘടിപ്പിച്ചു.വിവിധ പരിപാടികൾക്ക് ടി. കുഞ്ഞി മാഹിൻ, ജമാലുദ്ദീൻ പോലൂർ, കെ.ഹസീന, യു.പി.നജിയ, തസ്നി ,സഫ്നാസ്, ഫാത്തിമത്ത് സുഹറ ,മുസ് ഫിറ.സി.ടി എന്നിവർ നേതൃത്വം നൽകി . ഹെഡ്മാസ്റ്റർ ടി.വി.നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.