കുന്ദമംഗലം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിച്ച പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡുക്കൾ പോലും സി.ഡബ്ല്യു.ആർ.ഡി.എം (CWRDM) ഉൾപ്പെടെയുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTCE) സ്ഥാപനങ്ങളിൽ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സി.ഡബ്ല്യു.ആർ.ഡി.എം ജീവനക്കാർ സ്റ്റാഫ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
ശാസ്ത്ര സാങ്കേതിക കൗൺസിൽ ജീവനക്കാരോട് അധികാരികൾ തുടരുന്ന ചിറ്റമ്മ നയം ഇനിയും തുടർന്നാൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി. ശശിധരൻ പള്ളിക്കൂടിയൻ, അബ്ദുൾ റസാഖ്, പ്രമോദ് സി.വി, നിമേഷ് കെ.കെ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
ശാസ്ത്ര സാങ്കേതിക മേഖലയിൽ KSCSTCE-ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളിലെ ജീവനക്കാരോട് തുടരുന്ന വിവേചനം സർക്കാർ ഉപേക്ഷിക്കണമെന്നും ധർണ്ണയിൽ ആവശ്യമുയർന്നു.

