Kerala News

പോലീസിന്റെ ഭാഗത്ത് നിന്ന് അസാധാരണമായ നടപടികൾ;പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ്,വിമർശനം

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ സിറ്റി പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് വിമര്‍ശനം ഉന്നയിച്ചത്.സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ച് കാണിക്കാന്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നു. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അസാധാരണ നടപടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടക്കുന്നു. കേസില്‍ പ്രതികളായ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ വേട്ടയാടുന്നു. സ്ത്രീകളെയും കുട്ടികളെയും പൊലീസ് വേട്ടയാടുന്നു. തീവ്രവാദ കേസുകളിലെ പോലെയാണ് ഈ കേസിലും പൊലീസിന്റെ പെരുമാററം എന്നും പി മോഹനന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം –

സി.പി.ഐ.എമ്മിനെ പൊതുസമൂഹത്തില്‍ കരിതേച്ചു കാണിക്കാനുള്ള ശ്രമത്തെ ചെറുക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഉണ്ടായ ഒരു നിര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊതു പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും, പോലീസ് വേട്ടയാടുന്നത് തുടരുകയാണ്. കോഴിക്കോട് നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥന്മാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

മെഡിക്കല്‍ കോളേജ് സംഭവത്തില്‍, പോലീസ് അന്വേഷണത്തിലും നടപടിക്രമങ്ങളിലും സി.പി.ഐഎം ഒരു നിലയിലും ഇടപെട്ടിട്ടില്ല. ഇത്തരമൊരു സംഭവത്തില്‍ പോലീസ് സ്വതന്ത്രമായ അന്വേഷണ നടപടികള്‍ സ്വീകരിക്കുക എന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്‍റേ നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. പ്രതിചേര്‍ക്കപ്പെട്ട രണ്ടു പേര്‍ ഒഴികെ എല്ലാവരും സംഭവം നടന്ന അടുത്ത ദിവസം തന്നെ പോലീസില്‍ ഹാജരായി, അവര്‍ റിമാന്‍ഡില്‍ കഴിയുകയുമാണ്.

കേസുമായി ബന്ധപ്പെട്ട അസാധാരണമായ നടപടികളാണ് പോലീസിന്‍റ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ സംഭവത്തിന്‍റെ പേരില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുകയാണ് പോലീസ്. മെഡിക്കല്‍ കോളേജിലെ സീനിയര്‍ റിട്ടയേഡ് ഡോക്ടര്‍മാരുടെ വീടുകളിലും ഈ നിലയില്‍ പോലീസ് കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണ് .

കഴിഞ്ഞദിവസം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു എന്ന് പോലീസ് പറയുന്ന ഒരാളുടെ പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയെ മെഡിക്കല്‍ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സ തേടി ഇറങ്ങുമ്പോള്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്ന നിലയുണ്ടായി.

കോഴിക്കോട് പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണമാണ് പോലീസ് സംഘം ഇത്തരം ഹീനമായ നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഇതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം നേരിട്ട് ഇവര്‍ക്ക് വൈദ്യസഹായം തേടേണ്ടി വരികയുണ്ടായി. സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കെതിരെ മാരകമായ വകുപ്പുകള്‍ കൂട്ടിചേര്‍ക്കുകയും തീവ്രവാദ കേസുകളിലെ പ്രതികളോട് പോലും സ്വീകരിക്കാത്ത നിലയിലുള്ള സമീപനം ആണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.

കോഴിക്കോട് നഗരത്തിന്‍റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് ഒരു സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകരെ ആഴ്ചകള്‍ക്ക് ശേഷം പോലീസ് പ്രത്യേക അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത് .

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്‍റെ പ്രഖ്യാപിതമായ പോലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് കോഴിക്കോട് നഗരത്തിലെ ചില പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍. ഇവര്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെടുന്നു. സിപിഐ എമ്മിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വേട്ടയാടാനും എല്‍.ഡി.എഫ് സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ചു കാണിക്കാനും ആണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇത് തുടരാനാണ് നീക്കമെങ്കില്‍ ജനങ്ങളെ അണിനിരത്തി സി.പി.ഐ.എം ചെറുത്ത് തോല്‍പ്പിക്കും.

ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പോലീസ് നയത്തെ അട്ടിമറിക്കാനും സര്‍ക്കാരിന്‍റെ പ്രതിശ്ചായ തകര്‍ക്കാനും ശ്രമിക്കുന്ന ഗൂഢശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം പോലീസ് ഉദ്യോഗസ്ഥകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!