കോഴിക്കോട് ; പ്രളയമുള്‍പ്പെടേയുള്ള ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരുമിച്ച് നില്‍ക്കുന്നതിനേക്കാള്‍ ദുരന്തമുണ്ടാവാതിരിക്കാനാണ് എല്ലാവരും ഒരുമിക്കേണ്ടതെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി കമ്മിറ്റി സംഘടിപ്പിച്ച ‘നന്മയിലെന്നും നാടൊന്ന്’ സൗഹൃദം ആദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തേയും പ്രകൃതിക്ഷോഭങ്ങളേയും കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി വേണം പ്രതിരോധങ്ങള്‍ സ്വീകരിക്കാന്‍. അനധികൃത നിര്‍മാണങ്ങള്‍ ഏറിവരികയാണ്. പത്തും നാല്പതും നിലകളിലാണ് ഫ്‌ലാറ്റുകള്‍ ഉയര്‍ന്ന് പൊങ്ങുന്നത്. പരിസ്ഥിതിക്ക് വിഘാതമാവുന്ന ഇത്തരം നിര്‍മാണങ്ങള്‍ക്കെതിരേയും പ്രതിരോധങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയെ സുഹൃത്തായി കണ്ട് മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന് തുടര്‍ന്ന് സംസാരിച്ച എം.പി.അബ്ദുസ്സമദ് സമദാനി പറഞ്ഞു. മഴക്കാലത്തിന് പകരം പ്രളയകാലമാണ് എല്ലാ വര്‍ഷവും വരുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കൂടിയായ എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. പ്രകൃതി സൗഹൃദ വികസനത്തിന് എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം ഉണര്‍ത്തിച്ചു.
നന്മയുടേയും സ്‌നേഹത്തിന്റേയും മാര്‍ഗം നമ്മുടെ മുന്നിലുണ്ടെന്നും പ്രളയം വരുമ്പോള്‍ പരസ്പരം സഹായിക്കുന്നവര്‍ പ്രളയ ശേഷം എല്ലാം മറക്കുന്നത് പരിശോധിക്കണമെന്നും മാധ്യമം – മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ് മാന്‍ പറഞ്ഞു. മനുഷ്യന്‍ മനുഷ്യനെ മാത്രമല്ല പ്രകൃതിയെക്കൂടി തിരിച്ചറിയണമെന്ന് കവി പി.കെ.ഗോപി അഭിപ്രായപ്പെട്ടു. ഓരോ പ്രളയവും ദുരിതങ്ങളും ഒരുപാട് പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ടെന്നും അത് മനസ്സിലാക്കി മുന്നോട്ട് പോവണമെന്നും സമാപന പ്രസംഗം നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ പി.മുജീബ് റഹ് മാന്‍ പറഞ്ഞു. ഉള്ളിലെ നന്മ മറ്റുള്ളവര്‍ക്കായി നല്‍കാന്‍ തയ്യാറായ കൊച്ചു കുഞ്ഞുങ്ങളടക്കമുള്ളവരുടെ സല്‍പ്രവൃത്തി അദ്ദേഹം എടുത്തു പറഞ്ഞു.