കോഴിക്കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയായ ഗോരക്ഷ യുടെ 26 ാമത് ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഒളവണ്ണ പഞ്ചായത്തിലെ മാത്തറയിലെ കൃഷ്ണ ഡയറി ഫാമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എം.പി സാനി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. നിനാകുമാര്‍ സ്വാഗതവും ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്, വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍ അസീസ് മഠത്തില്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ഉമ കെ വി, ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ രശ്മി ആര്‍, ഒളവണ്ണ പഞ്ചായത്ത് വെറ്ററിനറി സര്‍ജ്ജന്‍ ഡോ. മഞ്ജുഷ, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ നിഷ എബ്രഹാം എന്നിവര്‍ സംബന്ധിച്ചു.ജില്ലയില്‍ കുത്തിവെയ്പ്പിനായി 141 സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഒരു ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടറും അറ്റന്റന്റും അടങ്ങിയതാണ് ഒരു സ്‌ക്വാഡ്. വരും ദിവസങ്ങളില്‍ ഇവര്‍ ഓരോ കര്‍ഷകനെയും സമീപിച്ച് ഉരുക്കളെ കുത്തിവെയ്പ്പിന് വിധേയമാക്കുകയും പശുവിന്റെ ചെവിയില്‍ കമ്മലടിക്കുകയും ചെയ്യും. കന്നുകാലികളില്‍ ഗര്‍ഭധാരണത്തിനുളള കുത്തിവെയ്പ്പും ഇന്‍ഷൂറന്‍സ് പരിരക്ഷയുമടക്കം സര്‍ക്കാറിന്റെ എന്ത് ആനുകൂല്യം ലഭിക്കാനും കമ്മല്‍ അഥവാ ഇയര്‍ടാഗ് നിര്‍ബന്ധമാക്കിയതുകൊണ്ട് കമ്മലടിപ്പിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. ഒരു പശുവിന് 10 രൂപയാണ് കര്‍ഷകര്‍ നല്‍കേണ്ടത്. നാല് മാസത്തില്‍ താഴെ പ്രായമുളള പശുക്കുട്ടികള്‍, രോഗമുളളവ എന്നിവയെ കുത്തിവെയ്പ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും ക്ഷീരസഹകരണ സംഘങ്ങളുടേയും ക്ഷീര വികസന വകുപ്പ്, മില്‍മ വനംവകുപ്പ്, തുടങ്ങിയവരുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 21 പ്രവൃത്തി ദിവസങ്ങളിലായാണ് പദ്ധതി നടത്തുന്നത്.