തിരുവനന്തപുരം: സഹോദരിയുമായുള്ള സ്വത്തുതര്‍ക്കത്തില്‍ മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം. വില്‍പ്പത്രത്തിലെ ഒപ്പ് ഗണേഷിന്റെ പിതാവും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണ പിള്ളയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. അച്ഛന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ഗണേഷ് കുമാര്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് സഹോദരി ഉഷാ മോഹന്‍ദാസ് പരാതി നല്‍കിയിരുന്നത്.
കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പ്പത്രത്തിലെ ഒപ്പുകള്‍ പരിശോധനയ്ക്കായി സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പരിശോധനാ ഫലം ലബോറട്ടറി കോടതിയില്‍ സമര്‍പ്പിച്ചത്. ബാലകൃഷ്ണ പിള്ള നേരത്തെ നടത്തിയ ബാങ്കിടപാടുകളിലും സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കെയുള്ള രേഖകളിലുമുള്ള ഒപ്പുകള്‍ ഫോറന്‍സിക് സംഘം പരിശോധിച്ചിരുന്നു. തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികകളിലെ ഒപ്പുകളും ഒത്തുനോക്കി. സൂക്ഷ്മമായ പരിശോധനയിലാണ് വില്‍പ്പത്രത്തിലെ ഒപ്പും അദ്ദേഹത്തിന്റേതു തന്നെയെന്നു വ്യക്തമായത്.