കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിലെ കോര്‍പ്പറേഷൻ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ കോര്‍പ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം.യോഗത്തില്‍ പ്രതിഷേധിച്ച യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. 15 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യു.ഡി.എഫ്. അംഗങ്ങള്‍ ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചപ്പോള്‍ എല്‍.ഡി.എഫ്. അംഗങ്ങള്‍ കൂവി വിളിക്കുകയും ചെയ്തു. ഒടുവില്‍ ഇരുവിഭാഗവും നേര്‍ക്കുനേര്‍നിന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യവും ഉണ്ടായി. ബഹളത്തിനിടെ അജണ്ടകള്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയും 15 യു.ഡി.എഫ്. കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.ഒരു ദിവസത്തേക്കാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.ഇന്നത്തെ കോര്‍പ്പറേഷൻ കൗണ്‍സിൽ യോഗം തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് അംഗം മൊയ്തീൻ കോയ , ബിജെപി അംഗം റിനീഷ് എന്നിവര്‍ പിഎൻബി ബാങ്ക് തട്ടിപ്പിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയിരുന്നു.പണത്തട്ടിപ്പില്‍ സി.ബി.ഐ. അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസും ബി.ജെ.പിയും അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇതിന് അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്നാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളം തുടങ്ങിയത്. തുടര്‍ന്ന് മേയര്‍ ബീനാ ഫിലിപ്പ് എഴുന്നേറ്റപ്പോഴും കൗണ്‍സിലര്‍മാര്‍ ബഹളം തുടര്‍ന്നു. അക്കൗണ്ട് തട്ടിപ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തിരികെ ലഭിച്ചെന്നും ഇനി ഈ തുകയുടെ പലിശ മാത്രമാണ് ലഭിക്കാൻ ബാക്കിയുള്ളതെന്നും മേയര്‍ പറഞ്ഞു. ഈ പലിശ തുക തരാൻ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിരുന്നുവെന്നും പലിശ നൽകാമെന്ന് ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.