കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നം സിഎജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. കേരളത്തിന്റെ വികസനത്തെ അത് എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. സിഎജിയുടെ നിഗമനങ്ങളോട് യുഡിഎഫ് യോജിക്കുന്നുണ്ടോ എന്നാണ് താന്‍ ചോദിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പയല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നവയാണ്. ഈ ബാധ്യത സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയല്ല. സിഎജി ഓഡിറ്റ് നടക്കുമ്പോള്‍ കിഫ്ബി എടുത്ത ആകെ വായ്പ മൂവായിരം കോടി രൂപയാണ്. അതിനേക്കാളേറെ തുക സംസ്ഥാന വിഹിതമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
തോമസ് ഐസകിന്റെ വാക്കുകള്‍ –
സിഎജി റിപ്പോര്‍ട്ട് അന്തിമമാവട്ടെ അല്ലെങ്കില്‍ കരടാവട്ടെ അതല്ല ഇവിടെ വിഷയം. എന്താണ് സിഎജിയുടെ കണ്ടെത്തല്‍? അതെങ്ങനെ കേരളത്തെ ബാധിക്കും? ഇതാണ് വിഷയം. ഇന്ന് കേരളത്തിലങ്ങോളം ഇങ്ങോളം നിര്‍മ്മാണം ആരംഭിച്ച രണ്ടായിരത്തോളം സ്‌കൂളുകള്‍, അവിടെ വിന്യസിക്കുന്ന ഐടി ഉപകരണങ്ങള്‍, താലൂക്കാശുപത്രികളുടെ പുനര്‍നിര്‍മ്മാണം. ആയിരക്കണക്കിന് കിലോമീറ്റര്‍ നീളം വരുന്ന റോഡുകള്‍, കെ ഫോണ്‍ പദ്ധതി, കേരളത്തിലെ വൈദ്യുതിക്ഷാമം എന്നേക്കുമായി പരിഹിക്കാന്‍ സാധിക്കുന്ന ട്രാന്‍സ്ഗ്രിഡ്, വ്യവസായ പാര്‍ക്കുകള്‍.. ഇങ്ങനെ ഏവര്‍ക്കും വേണ്ട കേരളം മുഴുവനായി നടപ്പാക്കേണ്ട പദ്ധതികളെ അട്ടിമറിക്കാനുള്ള വഴിയാണ് സിഎജി ഒരുക്കുന്നത്.
ഈ ഗുരുതര വിഷയത്തില്‍ യുഡിഎഫിന്റെ നിലപാട് എന്താണ് എന്നാണ് നാല് ദിവസമായി ഞാന്‍ ചോദിക്കുന്നത്. എന്നാല്‍ അന്നേരം സിഎജി റിപ്പോര്‍ട്ട് അന്തിമമാണോ അതോ കരടാണോ എന്നാണ് ചര്‍ച്ച ചെയ്യുന്നത്. എന്താണ് സിഎജി എടുത്ത നിലപാട്. ഒന്ന് കിഫ്ബിയുടെ വായ്പകള്‍ ഓഫ് ബജറ്റാണ്. അതായത് ബജറ്റില്‍ വരാത്ത രീതിയിലാണ് കിഫ്ബി വായ്പ എടുക്കുന്നത്. ഇത് രാജ്യത്തെ പല സര്‍ക്കാരുകളും ചെയ്യുന്നുണ്ട്.
രണ്ടാമത്തെ ആരോപണം ഈ വായ്പ ബാധ്യത സര്‍ക്കാരിന് പ്രത്യക്ഷത്തില്‍ വരുന്നതാണ്. അതായത് സര്‍ക്കാര്‍ വായ്പ എടുക്കുന്നതിന് തുല്യമാണിത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങള്‍ വായ്പ എടുക്കരുതെന്ന് ഭരണഘടന നിര്‍ദേശത്തിന്റെ ലംഘനമാണ് എന്നാണ് അടുത്ത വാദം. വിദേശവായപ് കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തില്‍ വരുന്നതാണെന്നും അതു കിഫ്ബി ലംഘിക്കുന്നുവെന്നും ആണ് അടുത്ത ആരോപണം.
ഇതിനുള്ള എന്റെ മറുപടി ഇതാണ്. ബജറ്റില്‍ ഞാന്‍ പ്രഖ്യാപിച്ച പദ്ധതികളാണ് കിഫ്ബി ഫണ്ടിലൂടെ നടപ്പാക്കുന്നത്. മോട്ടോര്‍ വാഹന നികുതിയും പെട്രോള്‍ സെസും കിഫ്ബി ഫണ്ടിലേക്കാണെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ കാര്യം കിഫ്ബി എടുക്കുന്ന വായ്പകളെല്ലാം സര്‍ക്കാര്‍ തിരിച്ചടയ്ക്കണം എന്നതാണ്. കിഫ്ബിയ്ക്ക് തനതു വരുമാനം ഇല്ലാത്തതിനാല്‍ ഈ ബാധ്യത സര്‍ക്കാരിന്റെ തലയില്‍ വരും എന്നാണ് ആരോപണം. ഇപ്പോ പ്രത്യക്ഷ ബാധ്യതയില്ല.
നാളെ സര്‍ക്കാരില്‍ നിന്നുള്ള വരുമാനത്തിനും അപ്പുറം പദ്ധതികള്‍ക്ക് കിഫ്ബി ഫണ്ടിംഗ് നടത്തിയാല്‍ അതൊരു പ്രതിസന്ധിയാവും എന്നാണ് അടുത്ത ആരോപണം. ആനുവറ്റി എന്ന സാമ്പത്തിക മോഡലാണ് ഇത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം നഗരത്തിലെ റോഡുകള്‍ നവീകരിച്ചത് ഈ മോഡല്‍ അനുസരിച്ചാണ്. പദ്ധതികളുടെ കരാറുകാരന് 15 വര്‍ഷം കഴിഞ്ഞാണ് തുക കിട്ടുക. ആ കാലഘട്ടത്തിലേക്കുള്ള പലിശയും പദ്ധതിയുടെ മെയിന്റന്‍സിനും കണക്കാക്കി ഒരു തുക കരാറുകാരന്‍ ചാര്‍ജ് ചെയ്യുന്നു. ഇതാണ് ഈ മോഡല്‍. ബജറ്റില്‍ എല്ലാ വര്‍ഷവും ഇതിനായി തുക സര്‍ക്കാര്‍ വകയിരുത്തും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതി നടപ്പാക്കിയപ്പോള്‍ ഇത്തരം ബാധ്യതകള്‍ ഇല്ലായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയുമായി വന്നപ്പോള്‍ അനാവശ്യ ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം. അസറ്റ് ലെയബളിറ്റി മാനേജ്‌മെന്റ് സിസ്റ്റം പ്രകാരമാണ് കിഫ്ബി വായ്പ എടുക്കുന്നത്. അടുത്ത 15-20 വര്‍ഷം എന്തു വരുമാനമാണ് സര്‍ക്കാരിന് കിട്ടുക. നിലവില്‍ കിഫ്ബി നടപ്പാക്കുന്ന പദ്ധതികളില്‍ 25 ശതമാനം വരുമാനം ഉണ്ടാവുന്ന പദ്ധതികളാണ്.
വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി പരിശോധിച്ച ശേഷമാണ് കിഫ്ബി ഒരോ പദ്ധതിയും അംഗീകരിക്കുന്നത്. വായ്പ എടുത്ത തുകയുടെ തിരിച്ചടവ് എത്ര വരും എന്ന് കിഫ്ബി കൃത്യമായി പരിശോധിക്കും. സിഎജി ചെയ്യേണ്ടത് ഈ മോഡലില്‍ വല്ല തെറ്റുമുണ്ടോ എന്നു പറയുകയാണ് വേണ്ടത്. ഭാവി ബാധ്യതകള്‍ കിഫ്ബിയില്‍ റിഫ്‌ലക്ട് ചെയ്യുന്നില്ല എന്നാണ് സിഎജി പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണം അവര്‍ ഉന്നയിക്കുന്നത്. ഇതൊരു കോര്‍പ്പറേറ്റ് ബോഡിയാണ്. നിയമം ഉണ്ടാക്കിയപ്പോള്‍ തന്നെ അക്കാര്യം പറയുന്നുണ്ട്.
ഇവിടെ സംസ്ഥാന സര്‍ക്കാരല്ല കിഫ്ബി ഈ കോര്‍പ്പറേറ്റ് ബോഡിയാണ് വായ്പ എടുക്കുന്നത്. കോര്‍പ്പറേറ്റ് ബോഡിക്ക് വായ്പ എടുക്കാമോ എന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വിദേശവായ്പയ്ക്ക് കേന്ദ്രാനുമതി എന്ന വാദം അവിടെ നില്‍ക്കട്ടെ. ഇനി ഇതൊക്കെ പോട്ടെ ഇത്തരം ആശങ്കയോ സംശയമോ സിഎജിക്ക് ഉണ്ടെങ്കില്‍ എന്തു കൊണ്ട് അതില്‍ വ്യക്തത വരുത്തിയില്ല.