തിരുവനന്തപുരം: കൃത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം ഉപയോഗിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്കില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണർക്ക് കഴിയില്ല. സർക്കാർ ഗവർണർ പോര് കാര്യമില്ലാത്തതാണെന്നും വി ഡി സതീശൻ പ്രതികരിച്ചു. സംഘപരിവാറുമായി സന്ധിയുണ്ടാക്കിയ സിപിഐഎമ്മാണ് ഗവർണറെ കുറ്റം പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. നിയമവിരുദ്ധമായി നിയമിച്ച വിസി അധികാരത്തിലിരിക്കുന്നത് ഗവർണർ കാണുന്നില്ല. പിന്നെ എന്ത് ഇടപെടലാണ് ഗവർണർ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
വിഴിഞ്ഞം സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. സമരക്കാരുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്താണെന്ന് ചോദിച്ച സതീശൻ ദയാബായിയെ കേൾക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും ആരോപിച്ചു. സർക്കാറിന് ഗവർണറെ ഉപദേശിക്കാനുളള അവകാശമുണ്ട്, പക്ഷേ അന്തസ് കെടുത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നായിരുന്നു ഗവർണറുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ സ്ഥാനത്തിന്റെ അന്തസിനെ താഴ്ത്തുന്ന മന്ത്രിമാരുടെ വ്യക്തിപരമായ പ്രസ്താവനകൾ മന്ത്രി സ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ക്ഷണിച്ചുവരുത്തുമെന്നായിരുന്നു ഗവർണറുടെ പരാമർശം.