ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം വധഭീഷണി നേരിടുകയാണെന്നും ഇതിനെതിരായി മതേതര സമൂഹത്തിന്റെ ഐക്യനിര ഉയർന്നുവരണമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രസ്താവിച്ചു. പെരിന്തൽമണ്ണ പൂപ്പലം എം എസ് ടി എം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പൂക്കോയ തങ്ങൾ സ്മാരക കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ അരക്ഷിതമായ സാമൂഹികാന്തരീക്ഷത്തിൽ മതേതരത്വത്തിന്റെ പ്രയോക്താവായ സൈദ് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്നും, അദ്ദേഹം സമൂഹത്തെ ശരിയായ മാർഗത്തിൽ നയിച്ച മഹാ മനീഷിയാണെന്നും, തങ്ങളുടെ വിദ്യാഭ്യാസ ദാർശനിക കാഴ്ചപ്പാടുകൾ എക്കാലത്തും ഓർമ്മിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയം അപകടകരമായ പ്രവണതകളിലോടെ കടന്നുപോകുന്ന സാഹചര്യങ്ങളിൽ ശരിയായ നിലപാടെടുത്ത ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നയമാണ് തങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ കാലിക പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എം എസ് ടി എം കോളേജ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കും മറ്റും ഉള്ള അവാർഡുകൾ മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.