News Uncategorised

അറിയിപ്പുകൾ

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ സജ്ജമാക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. അഞ്ചു ടീമുകളെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ടന്നും അദ്ദേഹം അറിയിച്ചു.
കരസേനയുടെ ഓരോ ടീമുകളെ തിരുവനന്തപുരത്തും, കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട്ടും വയനാട്ടിലും ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സിന്റെ (DSC) ഓരോ ടീമുകളെയാണ് വിന്യസിച്ചിട്ടുള്ളത്. എയർഫോഴ്‌സിനേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരാക്കിയതായും സന്നദ്ധസേനയും സിവിൽ ഡിഫൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.
ബാംഗ്ലൂരിൽ നിന്നുള്ള എൻജിനിയർ ടാസ്‌ക് ഫോഴ്‌സ് (ETF) ടീം മുണ്ടക്കയത്ത് എത്തും. സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണകേന്ദ്രം കൂടുതൽ സജീവമാക്കിയിട്ടുണ്ട്. ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കെ എസ് ഇ ബി, ജലസേചന വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിർവഹണകേന്ദ്രത്തിൽ 24 മണിക്കൂറും വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സുസജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷി നാശം: കൃഷിമന്ത്രിയുടെ ഓഫീസിലും കൺട്രോൾ റൂം
സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്നുള്ള കൃഷി നാശം അറിയിക്കാൻ കൃഷി മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. ഫോൺ നമ്പരുകൾ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159, 85470 46467. ഫോണിലോ വാട്‌സ് ആപ്പിലോ വിവരങ്ങൾ അറിയിക്കാമെന്ന് കൃഷിമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇതിനു പുറമെ കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. സംസ്ഥാനതല കൺട്രോൾ സെന്റർ – 9447210314.
ജില്ലാതല കൺട്രോൾ സെന്ററുകൾ -തിരുവനന്തപുരം – 9446021290, കൊല്ലം- 94474 53040, പത്തനംതിട്ട- 9495734107, കോട്ടയം- 9446430657, ആലപ്പുഴ- 9497787894, എറണാകുളം- 9446518181, തൃശൂർ- 9383473242, പാലക്കാട്- 9383471457, മലപ്പുറം- 9846820304, കോഴിക്കോട്- 8547802323, ഇടുക്കി- 9447232202, വയനാട്- 7012568399, കണ്ണൂർ- 9447577519, കാസർഗോഡ്- 8921995435.

കോളനികളിൽ ജീവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
മഴക്കെടുതിയുടെ തീവ്രത കൂടുതലായി അനുഭവിക്കുന്ന മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ പട്ടികജാതി പട്ടികവർഗ വകുപ്പ് പ്രതിജ്ഞാബദ്ധതയോടെ ഇടപെടുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. മഴക്കെടുതി സംസ്ഥാനത്തു വീണ്ടും ദുരിതം വിതയ്ക്കുകയാണ്. ദുരന്ത ബാധിതർക്കൊപ്പം കോളനികൾ ഒഴിഞ്ഞു പോകേണ്ടി വന്ന നൂറു കണക്കിന് പട്ടിക വിഭാഗക്കാരുമുണ്ട്. അവർക്ക് അതിജീവനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ച് രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങിയ പ്രവർത്തനങ്ങളിൽ അവധിദിനങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥർ സജീവമായി പങ്കുചേരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്കുള്ള മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കൃഷി, ജൈവവൈവിധ്യം, ഡിജിറ്റൽ സാങ്കേതികത, ജനിറ്റിക്‌സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനത് സംസ്‌കാരം എന്നീ മേഖലകളിലെ ഗവേഷണത്തിനാണ് ഫെല്ലോഷിപ്പ് നൽകുക. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 മുതൽ ഒരു ലക്ഷം രൂപ വരെ നൽകും. രണ്ട് വർഷത്തേക്കാണ് ഫെല്ലോഷിപ്പ് നൽകുന്നത്.
അപേക്ഷകർ ഡോക്ടറേറ്റ് നേടിയിട്ടുള്ള കേരളീയർ ആയിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്സ്. സ്ത്രീകൾക്കും അർഹതപ്പെട്ട മറ്റ് വിഭാഗങ്ങൾക്കും അഞ്ച് വർഷം ഇളവ് ലഭിക്കും. കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽ നിന്നാകണം ഗവേഷണം നടത്തേണ്ടത്. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ സ്ഥിര ജോലിയുള്ള വ്യക്തിയെയാണ് ഗവേഷകൻ മെൻറർ ആയി തിരഞ്ഞെടുക്കേണ്ടത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വെബ്‌സൈറ്റ് സന്ദർശിക്കാം. (www.kshec.kerala.gov.in). ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനായി http://159.89.167.203/kshecportal/public/index.php/navakerala_fellowship സന്ദർശിക്കുക.

ജില്ലയിൽ യെല്ലോ അലർട്ട് : ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുവേ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കണക്ക് പ്രകാരം ജില്ലയില്‍ കഴിഞ്ഞ ദിവസം ശരാശരി 63.9 മി.മീ മഴ ലഭിച്ചു. കാലാവസ്ഥ വകുപ്പിന്റെ കക്കയം സ്റ്റേഷനിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് 100.5 മില്ലിമീറ്റർ. കോഴിക്കോട്, കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലെ മഴ മാപിനികളിൽ യഥാക്രമം 31.6, 53, 70.4 മി.മീ വീതം മഴ രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രിയിൽ വൃഷ്ടി പ്രദേശത്ത് ലഭിച്ച ശക്തമായ മഴയെ തുടർന്ന് ഇരുവഴിഞ്ഞിപുഴയിലെ ജലനിരപ്പ് ഞായറാഴ്ച രാവിലെ ഉയരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും പിന്നീട് ജലനിരപ്പ് പൂർവ്വ സ്ഥിതിയിലായി. തോട്ടത്തിൻ കടവിലെ കേന്ദ്ര ജലകമ്മീഷൻ്റെ (CWC) നദികളിലെ ജലനിരപ്പ് നിരീക്ഷണ സംവിധാനത്തിൽ നിന്ന് ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് 24.130 മീറ്റർ ആയി ഇരുവഴിഞ്ഞി പുഴയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴും അപകട നിരപ്പായ 32.8 മീറ്ററിനേക്കാൾ താഴെയാണ് എന്നുള്ളത് ആശ്വാസകരമാണ്. കുറ്റ്യാടി പുഴയിലും ചാലിയാറിലും നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിരുന്നെങ്കിലും മഴ കുറഞ്ഞതോടെ ജലനിരപ്പ് പൂർവ്വ സ്ഥിതിയിലായിട്ടുണ്ട്.

ജില്ലയിലെ അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പ്

വൈദ്യുതി വകുപ്പിൻറെ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 750.26 മീ ആയി ഉയർന്നിട്ടുണ്ടെങ്കിലും നിലവിൽ സംഭരണ ശേഷിയുടെ ആകെ 48.02% വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. 16.32 mcm ജലമാണ് നിലവിൽ കക്കയം അണക്കെട്ടിൽ സംഭരിച്ചിട്ടുള്ളത്.

ജലസേചന വകുപ്പിൻറെ പെരുവണ്ണാമൂഴി അണക്കെട്ടിൽ നിലവിൽ 39. 080 മീറ്ററാണ് ജലനിരപ്പ് (പരമാവധി ജലനിരപ്പ് 44.61). സംഭരണ ശേഷിയുടെ 61.38% മാണ് നിലവിൽ അണക്കെട്ടിൽ സംഭരിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ പെരുവണ്ണാമൂഴി ഡാമിലെ സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!