കോഴിക്കോട് : ഉപേക്ഷിക്കപ്പെടുന്നവരും അനാഥരുമായ കുട്ടികളുടെ അഭയ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന, കോഴിക്കോട് ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിന്റെ വികസനത്തിനും അന്തേവാസികളുടെ ക്ഷേമത്തിനും സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും പിന്തുണ വേണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്തായി വാടക കെട്ടിടത്തിലാണ് നിലവില്‍ ശിശുസംരക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തനം.
മെഡിക്കല്‍ കോളേജിന് അടുത്തുള്ള കേന്ദ്രമായതിനാല്‍ മറ്റ് ജില്ലകളില്‍ ലഭിക്കുന്ന സ്ഥിരമായി ചികിത്സ ആവശ്യമുള്ള കുട്ടികളെ ഇവിടേക്ക് അയക്കുന്നുണ്ട്. നിലവില്‍ ഒന്‍പത് കുട്ടികളാണ് ഇവിടെ അന്തേവാസികളായുള്ളത്. സെറബ്രല്‍ പാള്‍സി, ചലനവൈകല്യങ്ങള്‍, വളര്‍ച്ചാ കുറവ് തുടങ്ങിയ ബുദ്ധിമുട്ടുള്ളവരാണ് കുട്ടികള്‍. ഇവര്‍ക്ക് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ ചികിത്സകളും നല്‍കി വരുന്നു.
കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കുട്ടികളുടെ ദൈനംദിന ചെലവുകള്‍ക്കുമായാണ് പരമാവധി സഹായങ്ങള്‍ സ്വരൂപിക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി ജനറല്‍ ബോഡിയോഗം തീരുമാനിച്ചത്. ഇതിനായി സമിതി അംഗങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്രത്തിന് സ്ഥിരമായ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കെട്ടിടത്തില്‍ അമ്മത്തൊട്ടില്‍ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
സാക്ഷരതാ ഭവനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എ.ഡി.സി (ജനറല്‍) നിബു സി. കുര്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി പി.എസ് ഭാരതി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. വിജയന്‍, ജോയിന്റ് സെക്രട്ടറി വി.ടി സുരേഷ്, ട്രഷറര്‍ പി. രജനി, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി- ജനറല്‍ ബോഡി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സമിതിയുടെ 2018-19 വര്‍ഷത്തെ വരവ് ചെലവു കണക്കും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗം പാസാക്കി.