കൊച്ചി: രാഷ്‌ട്രവും രാഷ്ട്രത്തിന്റെ ഏത് പ്രവർത്തനവും സ്വയം പുകഴ്ത്തലിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മറ്റൊരു അവസരവും മാത്രമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരുതുന്നതെന്നും സ്വാതന്ത്ര്യദിനത്തിൽ മോദി നടത്തിയ പ്രസംഗവും വ്യത്യസ്‌തമായില്ലെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.
പൊള്ളയായ അവകാശവാദങ്ങൾ ആണ് മോദിയുടെ ഒരു ട്രേഡ് മാർക്ക്. ഇന്ത്യയിലെ വിവരസാങ്കേതിക വിദ്യയുടെ വ്യാപനം ആണ് മോദിയുടെ ഒരു അവകാശവാദം. പക്ഷേ, ഇന്ത്യയിൽ ഡിജിറ്റൽ ഡിവൈഡ് വർധിച്ചു വരികയാണ് എന്നതാണ് വസ്തുത. മോദിയുടെ എല്ലാ പ്രസംഗങ്ങളും എന്നപോലെ ഇന്നലത്തെ മുഴുവൻ പ്രസംഗവും കള്ളപ്രചാരണം കൊണ്ടു തീർത്ത ഒരു പൂമാലയാണ്. പത്തുവർഷം ഭരണം കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയും അദാനിമാർക്ക് നേട്ടം ഉണ്ടാക്കുകയും അല്ലാതെ എന്താണ് ചെയ്തത് എന്ന് മോദി വ്യക്തമാക്കേണ്ട അവസരമാണ് ഇതെന്നും എം എ ബേബി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്‌സ്‌ബുക്ക് കുറിപ്പ്
രാഷ്ട്രവും രാഷ്ട്രത്തിന്റെ ഏത് പ്രവർത്തനവും സ്വയം പുകഴ്ത്തലിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മറ്റൊരു അവസരവും മാത്രമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരുതുന്നത്. ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനത്തിൽ ഡെൽഹിയിലെ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗവും വ്യത്യസ്തമായില്ല. രാജ്യത്തിൻറെ ആകെ പ്രതീകമാകേണ്ട, മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളേണ്ട ഈ വേളകൾ വ്യാജപ്രചാരണങ്ങൾക്കും സ്വയം പുകഴ്ത്തലിനും ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ശോഭ കെടുത്തും.
അടുത്ത സ്വാതന്ത്ര്യദിനത്തിലും താൻ തന്നെ ഇവിടെ പതാക ഉയർത്തും എന്ന് മോദി പറഞ്ഞു. പൊതുചടങ്ങിൽ നടത്തേണ്ടതാണോ ബിജെപിയുടെ ഈ അവകാശവാദം? രാംലീല മൈതാനിയിൽ ഒരു പൊതുയോഗം വിളിച്ചുകൂട്ടി ബിജെപിക്ക് അത് ചെയ്യാമല്ലോ! രാഷ്ട്രം എന്നാൽ തങ്ങളുടെ സ്വേച്ഛപ്രകാരം നടത്താവുന്ന ഒന്നാണ് എന്ന് കരുതിയ എല്ലാ സ്വേച്ഛാധിപതികളും ചരിത്രത്തിന്റെ ചവറ്റു കുട്ടയിൽ ആണ് അവസാനിച്ചത് എന്ന് മോദി ഓർക്കുന്നത് നല്ലതാണ്.
പൊള്ളയായ അവകാശവാദങ്ങൾ ആണ് മോദിയുടെ ഒരു ട്രേഡ് മാർക്ക്. ഇന്ത്യയിലെ വിവരസാങ്കേതിക വിദ്യയുടെ വ്യാപനം ആണ് മോദിയുടെ ഒരു അവകാശവാദം. പക്ഷേ, ഇന്ത്യയിൽ ഡിജിറ്റൽ ഡിവൈഡ് വർധിച്ചു വരികയാണ് എന്നതാണ് വസ്തുത. ഈയിടെ പുറത്തിറങ്ങിയ നാഷണൽ സാമ്പിൾ സർവെ കണക്കുകൾ (78 ആമത് റിപ്പോർട്ട്.) പ്രകാരം 15 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരുടെ ഇടയിൽ പ്രാഥമിക വിവരസാങ്കേതിക വിദ്യാപരിജ്ഞാനം ഉള്ളവർ വെറും മുപ്പത് ശതമാനം മാത്രമാണ്. ബാക്കി എഴുപത് ശതമാനം 15-24 വയസ്സുകാരും ഈ കഴിവിന് പുറത്താണ്. ഇതിലും പ്രായം കൂടുതൽ ഉള്ളവരുടെ സ്ഥിതി ഇതിലും മോശമാണെന്ന് പ്രത്യേകിച്ചും പറയേണ്ടതില്ലല്ലോ.
വിദ്യാഭ്യാസം, ബാങ്കിങ്, സർക്കാരുമായുള്ള ഇടപെടലുകൾ ഒക്കെ ഓൺലൈൻ ആയ ഇക്കാലത്ത് യുവാക്കളിൽ പോലും എഴുപത് ശതമാനത്തിലേറെ അടിസ്ഥാന ഐസിടി ജ്ഞാനം ഇല്ലാത്തവർ ആണെന്നത് നമ്മുടെ ഡിജിറ്റൽ ഡിവൈഡിൻറെ ആഴം വ്യക്തമാക്കുന്നു.
സംസ്ഥാനം തിരിച്ചുള്ള കണക്ക് നോക്കുമ്പോൾ 15-24 വയസ്സിൽ ഉള്ള ജനതയിൽ എഴുപത്തഞ്ച് ശതമാനത്തിനും ഈ ഐസിടി ജ്ഞാനം ഉള്ള കേരളം മാത്രമാണ് വ്യത്യസ്തം. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾ ഇക്കാര്യത്തിൽ നല്കിയ ശ്രദ്ധയുടെ ഫലമാണ് ഇത്.
ഈ പട്ടികയിൽ ഏറ്റവും താഴെ നില്ക്കുന്നത് ബിജെപിയുടെ മാതൃകാസംസ്ഥാനമായ ഉത്തർപ്രദേശ് ആണെന്നതിൽ അത്ഭുതം ഇല്ല. യുപിയിലെ 15-24 വയസ്സുകാരിൽ വെറും 16 ശതമാനം പേർക്കാണ് പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളത്. വിദ്യാർത്ഥികൾ ആയിരിക്കേണ്ട ഈ പ്രായത്തിലെ എൺപത്തിനാല് ശതമാനത്തിന് പോലും പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്ത രാജ്യത്ത് എന്ത് ഡിജിറ്റൽ ഇന്ത്യയെക്കുറിച്ഛാണ് നരേന്ദ്ര മോദി സംസാരിക്കുന്നത്????
മോദിയുടെ എല്ലാ പ്രസംഗങ്ങളും എന്നപോലെ ഇന്നലത്തെ മുഴുവൻ പ്രസംഗവും കള്ളപ്രചാരണം കൊണ്ടു തീർത്ത ഒരു പൂമാലയാണ്. അടുത്ത വർഷം തൻറെ റിപ്പോർട്ട് കാർഡ് വയ്ക്കും എന്നാണ് മോദി പറയുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ തോത് ഉയർന്നതാണെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി മോദിയോട് ലളിതമായ ഒരുചോദ്യം ചോദിച്ചോട്ടെ? ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ലോകരാജ്യങ്ങൾക്കിടയിൽ എവിടെ എന്ന് പറയാമോ? 142 -ാമതാണ്! അദാനിമാരുടേയും അമ്പാനിമാരുടേയും അതിഭീമമായ കൊള്ളസമ്പാദ്യത്തോട് അതിദരിദ്രരുടെ തുച്ഛവരുമാനവും കൂട്ടിയതിനെ ജനസംഖ്യകൊണ്ട് ഭാഗിച്ചാണ് പ്രതിശീർഷ ആളോഹരി വരുമാനം കണക്കാക്കുന്നത് എന്ന പരിമിതി ഉണ്ട്. എന്നാലും ജനങ്ങളുടെ അവസ്ഥ താരതമ്യപ്പെടുത്താൻ സമ്പദ്ഘടനയുടെ മൊത്തംവലിപ്പത്തേക്കാൾ ആളോഹരിവരുമാനമാണ് കൂടുതൽ സഹായകരം. അതുകൊണ്ട് ഈ പത്തുവർഷം ഭരണം കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയും അദാനിമാർക്ക് നേട്ടം ഉണ്ടാക്കുകയും അല്ലാതെ എന്താണ് ചെയ്തത് എന്ന് മോദി വ്യക്തമാക്കേണ്ട അവസരമാണ് ഇത്.