കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു. ശമ്പളം നല്‍കാന്‍ കൈയില്‍ പണമില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ അറിയിച്ചു. പണം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും പ്രശ്‌നപരിഹാരത്തിന് യൂണിയനുകളുമായി ചര്‍ച്ച നടക്കുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ശമ്പളം നല്‍കാതിരുന്നത് ചോദ്യ ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണിത്. ശമ്പള വിതരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കെ.എസ്.ആര്‍.ടിസിയും അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് രണ്ടും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.
ഡ്യൂട്ടി പരിഷ്‌കരണത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചു. ആദ്യം നിങ്ങള്‍ ശമ്പളം നല്‍കൂവെന്നും അല്ലാതെ എങ്ങനെയാണ് അവരെ കൊണ്ട് ജോലി ചെയ്യിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സര്‍ക്കാരിന്റെ സഹായത്തോടെ മാത്രമേ കെ.എസ്.ആര്‍.ടി.സിക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ ആസ്തികള്‍ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം കണ്ടെത്തുന്നതിനുള്ള നടപടിയുണ്ടാകണം എന്ന ഒരു അഭിപ്രായവും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ശമ്പള വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് 24ലേക്ക് മാറ്റി.