സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴ ലഭിച്ച മലയോര മേഖലകളില്‍ പ്രത്യേകം ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദങ്ങളും മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയുള്ള ന്യൂനമര്‍ദപാത്തിയുമാണ് മഴയ്ക്ക് കാരണം. ന്യൂനമര്‍ദ്ദങ്ങള്‍ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച കൊണ്ട് 259 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.
കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസ്സമില്ല. എന്നാല്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീരമേഖലയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയിലെത്തി. സെക്കന്‍ഡില്‍ 4000 ഘനയടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കേരളത്തിന് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.