സില്‍വര്‍ലൈന്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്ന് പൊലീസ്. കേസ് നടപടികള്‍ അവസാനിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കണമെന്ന നിലപാടിലാണ് പൊലീസ്. എന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
കെ റെയില്‍ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി എഴുന്നൂറിലേറെ പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കല്ലിട്ടുള്ള സര്‍വേ തടഞ്ഞിടത്തെല്ലാം പൊലീസ് കേസെടുത്തിരുന്നു. വിവിധ ജില്ലകളിലായി 280ലേറെ കേസുകളാണുള്ളത്. ഏറ്റവും കൂടുതലുള്ളത് കോട്ടയത്താണ്- 38 കേസ്. കണ്ണൂരില്‍ 17 കേസും കോഴിക്കോട് 14 കേസും കൊല്ലത്ത് 10 കേസും തിരുവനന്തപുരത്ത് 12 കേസുകളുണ്ട്. എല്ലായിടത്തുമായി കണ്ടാലറിയാവുന്നവര്‍ എന്ന പേരില്‍ എഴുന്നൂറിലേറെപ്പേരെ പ്രതികളാക്കിയിട്ടുമുണ്ട്. ഇതില്‍ നാട്ടുകാരും സ്ത്രീകളും രാഷ്ട്രീയക്കാരും സമരസമിതിക്കാരുമെല്ലാം ഉള്‍പ്പെടും.
റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലെല്ലാം തുടര്‍ നടപടികളുമായി മുന്നോട്ടു പോവും. രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രവും നല്‍കും. മറിച്ചുള്ള നിര്‍ദേശമൊന്നും സര്‍ക്കാരില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല.