കണ്ണൂർ∙ ധർമടം സ്റ്റേഷനിൽ മദ്യലഹരിയിൽ അപമര്യാദയായി പെരുമാറിയ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്‌ഒ) കെ.വി. സ്മിതേഷിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മദ്യപിച്ചു വാഹനമോടിച്ചുവെന്നുകാട്ടി മകൻ സുനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മകനെ ജാമ്യത്തിലെടുക്കാൻ വന്ന വയോധികയോടായിരുന്നു എസ്എച്ച്ഒയുടെ ആക്രോശം.
എസ്എച്ച്ഒയ്ക്കെതിരെ സുനിലിന്റെ അമ്മ രോഹിണിയാണ് രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ ലാത്തികൊണ്ടു പുറത്ത് കുത്തിയെന്ന് രോഹിണി പറഞ്ഞു. എലികളെ പിടിച്ചതുപോലെ പിടിച്ചു കുത്തി. മകളുടെ കൈയിലും ലാത്തികൊണ്ട് അടിച്ചു. ഹൃദ്രോഗിയാണെന്നു പറഞ്ഞിട്ടും കരുണ കാട്ടിയില്ലെന്നാണ് അമ്മയുടെ പരാതി.
‘‘മകനെ കാണാൻ സ്റ്റേഷനിലെ ചെന്നപ്പോൾ ലാത്തി വച്ച് കുത്തി. ഞാനവിടെ വീണു. വീണപ്പോൾ വനിതാ പൊലീസ് ഓടിവന്ന് അവരെയൊന്നും ചെയ്യരുതേയെന്നു പറഞ്ഞെങ്കിലും സ്മിതേഷ് അതു കേൾക്കാൻ കൂട്ടാക്കിയില്ല. എല്ലാത്തിനെയും ഞാനിവിടെ ചവിട്ടിക്കൂട്ടിയിടും, വിടില്ല എന്നൊക്കെ പറഞ്ഞു. നിങ്ങളെല്ലാം ഉള്ളിലേക്കു പോ എന്നു പറഞ്ഞ് സ്മിതേഷ് പൊലീസുകാരെ ഉള്ളിലേക്കു വിട്ടു. വീണ്ടും ഞങ്ങളുടെ കരച്ചിൽ കേൾക്കുമ്പോൾ ഇവർ ഓടി വരും. എന്നെ മക്കളെല്ലാവരും കൂടി പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് മകളുടെ മകനായ ദർശനെ അടിച്ചതെന്ന് അവർ വ്യക്തമാക്കി.