കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അവഗണയിൽ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്.ഒന്നിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാനാണ് യു ഡി എഫ് തീരുമാനം. അടുത്ത യുഡിഫ് യോഗം വിഷയം ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ തീരുമാനം അറിയിക്കും.
യോജിച്ചുള്ള സമരം വേണ്ടെന്ന് കോൺഗ്രസിലും ധാരണയായിട്ടുണ്ട്. കേന്ദ്ര അവഗണനയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ അടുത്ത മാസം 8 നാണ് ഇടതുമുന്നണി സമരം. ഡൽഹിയിലെ സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും സമരത്തിൻറെ ഭാഗമാകും. ഇൻഡ്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവൻ സംസ്ഥാനങ്ങളെയും ക്ഷണിക്കും. കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും ഇടതു മുന്നണി നേതൃയോഗത്തിൽ തീരുമാനമായിട്ടുണ്ട്.