കോഴിക്കോട്: മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിന് പിന്നാലെ സന്തോഷം പങ്കുവച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. സംവിധായകന്‍ ബ്ലെസിയുടെ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും ഈ അംഗീകാരം ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും പൃഥ്വിരാജ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സിനിമയ്ക്കുണ്ടായ സ്വീകാര്യതയും വിജയവും കൂടാതെ ഇപ്പോള്‍ ലഭിക്കുന്ന അവാര്‍ഡുകളും കൂടി ചേരുമ്പോള്‍ സന്തോഷം കൂടുതല്‍ മധുരമുള്ളതാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആടുജീവിതത്തിന് ലഭിച്ച ഓരോ അവാര്‍ഡുകളും ആ സിനിമയ്ക്കായി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും ലഭിക്കുന്ന അംഗീകാരമാണ്. ഒരുകൂട്ടം ആളുകളുടെ വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണ് സിനിമയെന്നും പൃഥ്വിരാജ് പറഞ്ഞു.
ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ ഒരുപാട് തടസങ്ങള്‍ നേരിട്ടിരുന്നെങ്കിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ബ്ലെസി സിനിമ ഒരുക്കിയത്. അത് ബ്ലെസി എന്ന സംവിധായകന്റെ ദൃഢനിശ്ചയമാണ്. അത്രയും പ്രയാസപ്പെട്ട് ചെയ്ത സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് പ്രദോചനമാകട്ടെയെന്നും മലയാള സിനിമ ആശാവഹമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

