കെ.കെ. രമ എം.എല്‍.എ.യ്ക്കെതിരായ പരാമര്‍ശത്തില്‍ നിലപാട് ആവര്‍ത്തിച്ച് എം.എം. മണി. രമയെ അധിക്ഷേപിച്ചിട്ടില്ലെന്ന് എം എം മണി വിശദീകരിച്ചു. തെറ്റൊന്നും പറഞ്ഞിട്ടില്ല. രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണെന്നും മണി പറഞ്ഞു. പാര്‍ട്ടി നേതാക്കളോടോ എന്നോടോ ആനി രാജക്ക് ചോദിക്കാമായിരുന്നു എന്നും മണി പറഞ്ഞു. കെ കെ ശിവരാമന് മറുപടിയില്ലെന്നും തന്നോട് ചോദിക്കാമായിരുന്നെന്നും മണി പറഞ്ഞു.
നിയമസഭയില്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാറുള്ളൂ എന്നും കാര്യങ്ങള്‍ പറയുക എന്നത് തന്റെ ചുമതലയാണെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി കെ.കെ. രമ മുഖ്യമന്ത്രിയേയും എല്‍.ഡി.എഫ്. സര്‍ക്കാരിനേയും ആക്ഷേപിക്കുകയാണ്. നേരത്തെത്തന്നെ കരുതിക്കൂട്ടി ഇത്തരത്തില്‍ അവര്‍ക്കെതിരെ സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ പറഞ്ഞ് പൂര്‍ത്തീകരിക്കാനുള്ള സമയം കിട്ടിയില്ലെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി, മന്ത്രി ആണേലും എം.എല്‍.എ. ആണേലും വിമര്‍ശനം ഉണ്ടാകും. അതിലൊന്നും തര്‍ക്കമില്ല. പക്ഷെ സാമാന്യ മര്യാദ വേണ്ടേ. അവര്‍ക്ക് മറുപടിയായി ചില വര്‍ത്തമാനം പറയാന്‍ തന്നെ ഉദ്ദേശിച്ചതാണ്. അതിന് അവര്‍ അവസരം തന്നില്ല. എനിക്ക് മുമ്പ് പ്രസംഗിച്ച മഹതി എന്ന് പറഞ്ഞപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ എം.എല്‍.എ.മാരില്‍ നിന്ന് അവര്‍ ഒരു വിധവയാണ് എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു അത് അവരുടെ ഒരു വിധിയാണ്, ഞങ്ങള്‍ അതിന് ഉത്തരവാദികളല്ല എന്ന്. ഇതില്‍ എന്താണ് തെറ്റ്? അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മണി പറഞ്ഞു. അവരെ ആക്ഷേപിക്കാനാണെങ്കില്‍ പണ്ടേ ആക്ഷേപിക്കേണ്ടതാണ്. അതിന് മാത്രം പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒന്നും ചെയ്തില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.