കോഴിക്കോട് ജില്ലയില്‍ മാവൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. ആര്‍എംപിഐ അംഗം ടി രഞ്ജിത്ത് പ്രസിഡന്റായി ചുമതലയേറ്റു. മുസ്ലിം ലീഗിനായിരുന്നു പഞ്ചായത്തിന്റെ ഇതുവരെയുള്ള ഭരണം. ലീഗ് അംഗം പുലപ്പാടി ഉമ്മര്‍ മാസ്റ്റര്‍ ജൂണ്‍ 30 ന് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.
മുന്‍കൂട്ടി നിശ്ചയിച്ച ധാരണപ്രകാരമാണ് ഉമ്മര്‍ മാസ്റ്റര്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. മാവൂരില്‍ ആര്‍എംപിഐ പിന്തുണയോടെയാണ് മുസ്ലിം ലീഗ് ഭരണത്തിലേറിയത്. മുസ്ലിം ലീഗിന് അഞ്ച് അംഗങ്ങളും കോണ്‍ഗ്രസിന് നാല് അംഗങ്ങളും ഉണ്ട്. ആര്‍എംപിഐ പിന്തുണയോടെ പഞ്ചായത്തില്‍ 18 ല്‍ പത്ത് പേരുടെ പിന്തുണ യുഡിഎഫിനുണ്ടായിരുന്നു.
കോണ്‍ഗ്രസില്‍ നിന്നുള്ള ജയശ്രീ ദിവ്യപ്രകാശാണ് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഒഞ്ചിയം, ചോറോട് ഗ്രാമ പഞ്ചായത്തുകളിലാണ് ആര്‍എംപിഐക്ക് ഭരണമുളളത്. സിപിഐഎമ്മാണ് മാവൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. പഞ്ചായത്തില്‍ സിപിഐഎമ്മിന് എട്ട് അംഗങ്ങളുണ്ട്.