ചാലക്കുടി: വന്യജീവി ആക്രണത്തില്‍ സര്‍ക്കാര്‍ നിസംഗരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ വര്‍ഷം മാത്രം 18 പേരുടെ ജീവന്‍ വന്യജീവി ആക്രമണത്തില്‍ നഷ്ടമായി. ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പറയുക മാത്രമാണ് വനം മന്ത്രി ചെയ്യുന്നത്. എന്നാല്‍ ഒരു പരിഹാരവും ഉണ്ടാകുന്നില്ല.
ഏറ്റവും കൂടുതല്‍ ആന ശല്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ച് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് കൊടുത്ത് നാട്ടില്‍ ഇറങ്ങുന്ന മൃഗങ്ങളെ തിരിച്ചോടിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം. പക്ഷേ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആയിരത്തിലധികം ആളുകള്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എണ്ണായിരത്തില്‍ അധികം ആളുകള്‍ക്ക് പരിക്ക് പറ്റി.
ജില്ലാ കലക്ടര്‍ പോലും സ്ഥലത്ത് എത്തിയിട്ടില്ല. അത്ര വലിയ കൊമ്പത്തെ ഉദ്യോഗസ്ഥനാണോ ജില്ലാ കളക്ടറെന്ന് വി.ഡി സതീശന്‍ ചോദിച്ചു. പാവപ്പെട്ടവരില്‍ പാവപ്പെട്ട മനുഷ്യരാണ് ഇരകള്‍. അവരെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരാളില്ല. സര്‍ക്കാരിന്റെ നിസംഗത അതിന്റെ പാരമ്യത്തിലാണ്. ഒരു കാരണവശാലും അത് അനുവദിക്കാനാകില്ല.
വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് യു.ഡി.എഫ് മലയോര സമര യാത്ര നടത്തിയത്. കേരളത്തിലെ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ല. എന്തിനാണ് വനം മന്ത്രി ആ കസേരയില്‍ ചാരി ഇരിക്കുന്നത്? അതിന് മുകളില്‍ മുഖ്യമന്ത്രി ഇല്ലേ? സര്‍ക്കാര്‍ പൂര്‍ണ ഉത്തരവാദിത്തം ഇല്ലായ്മയാണ് കാണിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.