ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുകയ്ക്ക് താൽക്കാലിക ശമനമായെങ്കിലും ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള ആശങ്ക ഇപ്പോഴും അണഞ്ഞിട്ടില്ല. ദിവസങ്ങളോളം നീണ്ടുനിന്ന വിഷപ്പുകയിലൂടെ ഒരു നഗരം തന്നെ ശ്വാസം മുട്ടി എന്ന് പറയാം.കഴിഞ്ഞ ദിവസം ഒരു ശ്വാസകോശ രോഗിയുടെ മരണം കൂടി കൊച്ചിയിൽ സംഭവിച്ചതോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്.
അന്തരീക്ഷത്തിൽ നിന്നു പുക മാറിയാലും അവ വിദൂര ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ? അങ്ങനെ അപകടങ്ങളുണ്ടായാൽ കൂടുതൽ ശ്രദ്ധ വേണ്ടത് ആർക്കൊക്കെയായിരിക്കും? പുക ശ്വസിക്കുന്നത് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് അവയവങ്ങളെയും എങ്ങനെ ബാധിക്കും തുടങ്ങിയ സംശയങ്ങളാണ് ജനങ്ങൾക്ക് ഇന്ന്. മുൻകരുതലുകൾ എടുക്കാൻ സർക്കാരും ബന്ധപ്പെട്ട അധികൃതരും പറയുന്നുണ്ടങ്കിലും കൃതമായ ഒരു വ്യക്തത ആരും തന്നിട്ടില്ലെന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു.