നിയമസഭ തിരഞ്ഞെടുപ്പിൽ ലതിക സുഭാഷിന് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ച്ചയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി അവർക്ക് മത്സരിക്കാൻ അര്‍ഹതയുണ്ടെന്നും ഏറ്റുമാനൂര്‍ ഒഴിച്ച് മറ്റൊരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വൈപ്പിന്‍ സീറ്റ് ചോദിച്ചത് അവസാന നിമിഷത്തിലാണ്. ലതിക സുഭാഷ് സമരം ഒഴിവാക്കേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
”ലതിക സീറ്റ് ആഗ്രഹിച്ചാല്‍ അതിന് അവര്‍ക്ക് അര്‍ഹതയുണ്ട്. കോണ്‍ഗ്രസിന് സീറ്റ് കൊടുക്കുന്നതില്‍ യാതൊരു ബുദ്ധമുട്ടും ഇല്ല. ലതിക ആവശ്യപ്പെട്ട സീറ്റ് ഏറ്റുമാനൂര്‍ സീറ്റ് ആണ്. അത് ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫിന് നല്‍കിയിട്ടുള്ള സീറ്റാണ്.ആ സീറ്റിന് പകരം ഒരു സീറ്റ് ചോദിക്കാന്‍ അവര്‍ തയ്യാറായില്ല. അത് അവര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് കൊടുക്കാന്‍ കഴിയാതെ പോയത്. അല്ലാതെ മനപ്പൂര്‍വ്വമല്ല. കോണ്‍ഗ്രസ് നേതൃത്വത്തിന് വന്ന വീഴ്ചയായി ഇതിനെ കാണേണ്ടതില്ല. അവര്‍ക്ക് കൊടുക്കാനിരുന്നതാണ്, കൊടുക്കേണ്ടതാണ്. ഘടകകക്ഷിക്ക് കൊടുത്തതിന് ശേഷവും തിരിച്ച് മേടിച്ച് തരണമെന്നാണ് ആവശ്യപ്പെട്ടത്”
ഇന്നലെയാണ് തനിക്കുള്‍പ്പെടെ പാര്‍ട്ടി സീറ്റ് നിഷേധിച്ചുവെന്ന് ആരോപിച്ച് ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്. തുടര്‍ന്ന് പ്രതിഷേധ സൂചകമായി ഇന്ദിരാഗാന്ധി ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു

