ഒരു ശക്തിക്കും വര്‍ഗീയ കലാപമോ ജാതിമത വേര്‍തിരിവോ നടത്താന്‍ കഴിയാത്ത വിധത്തില്‍ പ്രതിരോധം തീര്‍ക്കുന്ന രാഷ്ട്രീയ നിലപാടാണ് കേരളത്തിന്റെ യുവത്വം സ്വീകരിക്കുന്നതെന്നും നാടിനെ ശരിയായി നയിക്കുന്നതിന് ഇടപെടലുകള്‍ നടത്താന്‍ യുവജനങ്ങള്‍ക്ക് കഴിയുമെന്നും സാംസ്‌കാരിക, ഫിഷറീസ്, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തൈക്കാട് ഗവ. ആര്‍ട്‌സ് കോളേജില്‍ സംഘടിപ്പിച്ച യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക എന്നതാണ് യുവത്വത്തിന്റെ ധര്‍മ്മം. മയക്കുമരുന്നിനും ലഹരിക്കും എതിരായ പോരാട്ടവും സാമൂഹ്യ ബോധവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനപരിപാടികളും യുവജന കമ്മീഷന്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യുവജന കമ്മീഷന്‍ അംഗങ്ങളായ വി.എ. വിനീഷ്, ആര്‍. രാഹുല്‍, അബേഷ് അലോഷ്യസ്, പി.പി. രണ്‍ദീപ്, സെക്രട്ടറി ലീന ലിറ്റി, കോളേജ് പ്രിന്‍സിപ്പല്‍ സുബ്രമണ്യന്‍ എസ്, ജില്ലാ കോര്‍ഡിനേറ്റര്‍മാരായ എല്‍.എസ് ലിജു, അഡ്വ. അമല്‍ ആര്‍ എന്നിവര്‍ സംസാരിച്ചു.
യുവജന കമ്മീഷന്‍ സംസ്ഥാനതലത്തില്‍ നടത്തിയ ഇ.എം.എസ് സ്മാരക പ്രസംഗ മത്സരത്തിന്റെയും സംസ്ഥാനതല ചെസ്സ് മത്സരത്തിന്റെയും വിജയികള്‍ക്കുള്ള സമ്മാനവിതരണവും വിവിധ കലാപരിപാടികളും ചടങ്ങില്‍ നടന്നു.