ശബരിമല കേസില്‍ നല്‍കിയ പുനുപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി. നിലവിലെ വിധിക്ക് സ്റ്റേ ഇല്ല എന്നാല്‍ അതേസമയം കേസ് വിശാല ബെഞ്ചിലേക്ക് വിട്ടു. ഏഴ് അംഗ വിശാല ബെഞ്ചാണ് ഹര്‍ജികള്‍ പുനഃപരിശോധിക്കുക. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമാനമായ എല്ലാ കേസുകളും വിശാല ബെഞ്ച് ഒരുമിച്ച് പരിഗണിക്കും. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതു വരെ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിയ വിധി നിലനില്‍ക്കും. ഈ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കുന്നതിന് വിശാല ബെഞ്ചിലേക്ക് വിട്ടത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
വിശാല ബെഞ്ചിലേക്ക് വിടണമെന്ന് ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ ആവശ്യപ്പെടുകയായിരുന്നു. വിയോജന വിധിയുമായി ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രംഗത്തെത്തി.
2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.
ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ 2006-ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ വ്യവഹാരങ്ങള്‍ക്ക് ശേഷമായിരുന്നു വിധി. യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നിരുന്നു.
വിധിയില്‍ മുസ്ലീം, പാർസി സ്ത്രീകളെ മതപരമായ ആചാരത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നത് പോലുള്ള വിഷയങ്ങളും ഉൾപ്പെടുന്നു. എല്ലാ കക്ഷികൾക്കും പുതിയ അവസരങ്ങൾ നൽകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ശബരിമല കേസിൽ സമർപ്പിക്കപ്പെട്ട പുനഃപരിശോധന ഹർജികൾ ഏഴ് അംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.