കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃമായി പരിശോധിച്ചതില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന അതിജീവിതയുടെ ഉപഹരജി ഹൈകോടതി തള്ളി. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നടി നല്‍കിയ ഉപഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് വിധി പുറപ്പെടുവിച്ചത്.
കോടതിയില്‍ സൂക്ഷിച്ചിരുന്ന കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ നല്‍കിയ ഹരജിയില്‍ ജില്ല സെഷന്‍സ് ജഡ്ജി അന്വേഷിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. കാര്‍ഡ് അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.