കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി.കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ ഏകീകൃത കളര്‍കോട് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞു.സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു .ഏതെങ്കിലും തരത്തില്‍ വാഹനങ്ങള്‍ നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ അവ നിരത്തിലിറങ്ങാന്‍ സമ്മതിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. യാതൊരു കാരണവശാലും രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാന്‍ മോട്ടോര്‍ വാഹനവകുപ്പ് അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു . സുരക്ഷാ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ച്ചയാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ, ഓട്ടോ ഷോസ് എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.