ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. ഡിസംബർ 8ന് ആണ് വോട്ടെണ്ണൽ. ഹിമാചലിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാറാണ് തിയതികൾ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബർ 25 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബർ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. നിയമസഭയിൽ 68 സീറ്റുകളാണുള്ളത്. 35 ആണ് ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളുടെ എണ്ണം.

