സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകളുടേയും ഏഴ് പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 194.33 കോടി രൂപ, പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജ് 241.01 കോടി, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് 51.30 കോടി, കായംകുളം താലൂക്ക് ആശുപത്രി 45.70 കോടി, കോട്ടയം ജനറല്‍ ആശുപത്രി 106.93 കോടി, കൊച്ചി കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രി 29.60 കോടി, കോഴിക്കോട് ഫറോഖ് താലൂക്ക് ആശുപത്രി 17.09 കോടി, കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രി 18.58 കോടി, കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രി 23.77 കോടി, കോഴിക്കോട് ജനറല്‍ ആശുപത്രി 86.80 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇതിലൂടെ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും വിപുലമായ അടിസ്ഥാന സൗകര്യ വികസമാണ് നടക്കുന്നത്. ഇതോടുകൂടി 3100 കോടിയോളം രൂപയുടെ നിര്‍മാണ അനുമതിയാണ് മെഡിക്കല്‍ കോളജുകള്‍ക്കും താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍ക്കുമായി കിഫ്ബി ലഭ്യമാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് 194.33 കോടി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടമായാണ് 194.33 കോടി രൂപ അനുവദിച്ചത്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ അനുവദിച്ച 58 കോടി രൂപയ്ക്ക് പുറമേയാണ് രണ്ടാം ഘട്ടമായി ഈ തുക അനുവദിച്ചത്. 44,815 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള 6 നിലകളുള്ള എംഎല്‍ടി ബ്ലോക്ക്, 3,47,698 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള 11 നിലകളുള്ള എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് ബ്ലോക്ക്, 1,64,994 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള 8 നിലകളുള്ള സര്‍ജിക്കല്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മാണത്തിനായാണ് തുക അനുവദിച്ചിരിക്കുന്നത്. ലക്ചര്‍ ഹാള്‍, ലാബ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ്, എക്സാമിനേഷന് ഹാള്‍ എന്നിവയാണ് എംഎല്‍ടി ബ്ലോക്കില്‍ ഉണ്ടാകുക. എസ്.എ.ടി. പീഡിയാട്രിക് ബ്ലോക്കില്‍ മെഡിക്കല്‍ ഗ്യാസ് റൂം, ഒപിഡി കണ്‍സള്‍ട്ടിംഗ്, ലാബ്, റേഡിയോ ഡയഗ്നോസിസ്, വാര്‍ഡുകള്‍, ലെക്ചര്‍ ഹാള്‍, ലെക്ചര്‍ തിയറ്റര്‍, എന്നിവയാണ് നിര്‍മിക്കുന്നത്. വാര്‍ഡുകള്‍ പ്രൊസീജിയര്‍ റൂമുകള്‍, 16 ഓപ്പറേഷന് തിയറ്റര്‍ തുടങ്ങിയ വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് സര്‍ജിക്കല്‍ ബ്ലോക്ക്.
കോന്നി മെഡിക്കല്‍ കോളജ് 241.01 കോടി
കോന്നി മെഡിക്കല്‍ കോളജിലെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 241.01 കോടി രൂപ അനുവദിച്ചത്. കിഫ്ബി ധനസഹായത്തോടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനമാണ് കോന്നി മെഡിക്കല്‍ കോളജില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ടാം ഘട്ടത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും കൂടിയാണ് തുകയനുവദിക്കുന്നത്. ആറു നിലകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, മൂന്ന് നിലകളുള്ള അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ഹോസ്റ്റലുകള്‍, ഡീന്‍സ് ഹൗസ്, ക്വാര്‍ട്ടേഴ്സുകള്‍, ഗസ്റ്റ് ഹൗസ്, ഓട്ടോപ്സി ബ്ലോക്ക്, ഓഡിറ്റോറിയം, സ്വീവേജ്, ലോണ്ട്രി, ഒന്‍പത് ഓപ്പറേഷന് തിയറ്ററുകള്‍ എന്നിവയാണ് സജ്ജമാക്കുന്നത്. മൊത്തത്തില്‍ 5,72,000 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്. 200 കിടക്കകളാണ് ഇതിലൂടെ അധികമായി ലഭിക്കുന്നത്. ഇതോടെ ആകെ 500 കിടക്കകളുള്ള സൗകര്യം മെഡിക്കല്‍ കോളജില്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ 5,29,392 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ആശുപത്രി ബ്ലോക്കിന്റേയും അഡ്മിനിസ്ട്രേഷന് ബ്ലോക്കിന്റേയും നിര്‍മാണ പ്രവൃത്തികള്‍ക്കായി 130 കോടി രൂപയാണ് അനുവദിച്ചിരുന്നത്. മറ്റ് മെഡിക്കല്‍ കോളജുകളെപ്പോലെ കോന്നി മെഡിക്കല്‍ കോളജിലും വിപുലമായ സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് 51.30 കോടി
പരിയാരം മെഡിക്കല്‍ കോളജില്‍ 1,07,089 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള 5 നിലകളോടു കൂടിയ അത്യാധുനിക ട്രോമകെയര്‍ ബ്ലോക്കിനാണ് 51.30 കോടി രൂപ അനുവദിച്ചത് അത്യാഹിത വിഭാഗം, എം.ആര്.ഐ., സി.ടി., എക്സ്റേ സംവിധാനങ്ങള്‍, ഓപ്പറേഷന് തിയറ്ററുകള്‍, ആധുനിക ഐസിയു സംവിധാനങ്ങള്‍, ട്രോമ വാര്‍ഡ്, ആധുനിക സംവിധാനങ്ങളോടു കൂടി ലാബ്, ഐ.സി.യു.കള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും. ബേസ്മെന്റ് ഫ്ളോറില്‍ ജനറല്‍ ബള്‍ക്ക് സ്റ്റോര്‍, ഫാര്‍മസി, മോര്‍ച്ചറി, ഐസൊലേഷന്‍ റൂം, ടോയ്ലറ്റ് എന്നിവയും ഗ്രൗണ്ട് ഫ്ളോറില്‍ ഇഎംടി, കണ്സള്ട്ടേഷന്, ക്ലിനിക് റും, എക്റേ, സിടി സ്കാന്‍, ട്രോമകെയര്‍, സെപ്റ്റിക് ഓപ്പറേഷന് തിയറ്റര്‍, എംഐസിയു എന്നിവയും, ഒന്നാം നിലയില്‍ ഷോര്‍ട്ട് സ്റ്റേ യൂണിറ്റ്, യുഎസ്ജി, പ്രൊസീജിയര്‍ റൂം, ട്രോമ വാര്‍ഡ് എന്നിവയും രണ്ടാം നിലയില്‍ ബയോകെമിസ്ട്രി, മൈക്രോ ബയോളജി, സാമ്പിള്‍ കളക്ഷന്‍, ഓപ്പറേഷന് തിയറ്റര്‍, സര്‍ജിക്കല്‍ ഐസിയു, ഫാര്‍മസി, പാന്‍ട്രി എന്നിവയും മൂന്നാം നിലയില്‍ റെക്കോര്‍ഡ്സ്, ടീച്ചിംഗ്, ഡെമോണ്സ്ട്രേഷന് റൂം, സിമുലേഷന്‍ റൂം, ഓഫീസ്, ലൈബ്രറി എന്നീ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 160 കിടക്കകള്‍ കൂടി അധികമായി ലഭിക്കുന്നതാണ്. അത്യാസന്ന നിലയിലെത്തിച്ചേരുന്നവര്ക്ക് മികച്ച സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാകുക. കാത്ത് ലാബ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ 18 കോടി രൂപ അടുത്തിടെ അനുവദിച്ചിരുന്നു. കൂടാതെ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള 746 തസ്തികളും സൃഷ്ടിച്ചു.
കായംകുളം താലൂക്ക് ആശുപത്രി 45.70 കോടി
കായംകുളം താലൂക്ക് ആശുപത്രിയില്‍ 1,47,519 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള 4 നിലകളുള്ള ആശുപത്രി കെട്ടിടമാണ് നിര്‍മിക്കുന്നത്. അത്യാഹിത വിഭാഗം, ട്രോമ കെയര്‍, ലാബ്, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ഓപ്പറേഷന് തീയറ്റര്‍, ജനറല്‍ വാര്‍ഡ്, പേ വാര്‍ഡ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ നിര്‍മാണ പ്രവൃത്തികള്‍.
കോട്ടയം ജനറല്‍ ആശുപത്രി 106.93 കോടി
കോട്ടയം ജനറല്‍ ആശുപത്രിയില്‍ 2,87,000 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള 10 നിലകളുള്ള 388 കിടക്കകളോടു കൂടിയ പുതിയ ആശുപത്രി ബ്ലോക്കിനാണ് 106.93 കോടി രൂപ അനുവദിച്ചത്. വിവിധ ഒപികള്‍, അത്യാഹിത വിഭാഗം, ഓപ്പറേഷന് തീയറ്ററുകള്‍, സി.ടി., എക്സറേ തുടങ്ങിയ സംവിധാനങ്ങള്‍, ഫാര്‍മസി, സര്‍ജിക്കല്‍ ഐസിയു, മോര്‍ച്ചറി, വാര്‍ഡുകള്‍ ഐസൊലേഷന്‍ റൂമുകള്‍, ലാബുകള്‍ എന്നിവയാണ് ഒരുക്കുന്നത്. സര്‍ജറി വിഭാഗത്തിന് എല്ലാ സംവിധാനങ്ങളോടും കൂടിയ രണ്ട് നിലകളും ഗൈനക് വിഭാഗത്തിന് പ്രത്യേകമായ ഒരു നിലയുമാണ് അനുവദിച്ചത്.
കരുവേലിപ്പടി താലൂക്ക് ആശുപത്രി 29.60 കോടി
കൊച്ചി കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയില്‍ 69,796 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള 5 നില കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് തുക അനുവദിച്ചത്. ട്രോമ കെയര്‍ സംവിധാനങ്ങളോട് കൂടിയ അത്യാഹിത വിഭാഗം, ഒപി സംവിധാനം, ലാബുകള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓപ്പറേഷന് തീയറ്റര്‍, ജനറല്‍ വാര്‍ഡുകള്‍, സ്പെഷ്യാലിറ്റി വാര്‍ഡുകള്‍, പരിശോധന സംവിധാനങ്ങള്‍ എന്നിവയാണ് സജ്ജമാക്കുന്നത്.
ഫറോഖ് താലൂക്ക് ആശുപത്രി 17.09
ഫറോഖ് താലൂക്ക് ആശുപത്രിയില്‍ 46,666 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള 4 നിലകളുള്ള കെട്ടിടമാണ് സജ്ജമാക്കുന്നത്. ട്രോമകെയര്‍ അത്യാഹിത വിഭാഗം, അനുബന്ധ സംവിധാനങ്ങള്‍, ജനറല്‍, സ്പെഷ്യാലിറ്റി ഒപികള്‍, വാര്‍ഡുകള്‍, വിവിധ വിഭാഗം ഓപ്പറേഷന് തീയറ്റുകള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്.
ബാലുശേരി താലൂക്ക് ആശുപത്രി 18.58 കോടി
ബാലുശേരി താലൂക്ക് ആശുപത്രിയില്‍ 42,846 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള 5 നില ആശുപത്രി കെട്ടിടമാണ് പുതുതായി നിര്‍മ്മിക്കുന്നത്. ട്രോമകെയര്‍ ആന്റ് എമര്‍ജന്‍സി മെഡിസിന് വിഭാഗം, ജനറല്‍, സ്പെഷ്യാലിറ്റി ഒപികള്‍, ലേബര്‍ സ്യൂട്ട്, എന്‍ഐസിയു, വിവിധ ഓപ്പറേഷന് തീയറ്ററുകള്‍, സ്പെഷ്യാലിറ്റി വാര്‍ഡുകള്‍, ജനറല്‍ വാര്‍ഡുകള്‍, ലേബര്‍ റൂമും അനുബന്ധ വാര്‍ഡുകളും തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രി 23.77 കോടി
കൊയിലാണ്ടി ജനറല്‍ ആശുപത്രിയില്‍ 60,256 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള 3 നില ആശുപത്രി കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. വിവിധ ഒപി വിഭാഗങ്ങള്‍, ഫാര്‍മസി, എക്സ്റേ, സി.ടി. യുഎസ്ജി, ആന്റിനേറ്റല്‍, പോസ്റ്റ്നേറ്റല്‍, ഫീഡിംഗ് റൂം, ഡെന്റല്‍ ലാബ്, ബ്ലഡ് സ്റ്റോറേജ്, ഐസിയുകള്‍, ലബോറട്ടറി കൗണ്ടര്‍ എന്നീ സംവിധാനങ്ങളാണ് ഒരുക്കുന്നത്.
കോഴിക്കോട് ജനറല്‍ ആശുപത്രി 86.80 കോടി
കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ 335 കിടക്കകളോട് കൂടിയ 8 നിലകളുള്ള 1,83,588 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ആശുപത്രി കെട്ടിടത്തിനാണ് തുകയനുവദിച്ചത്. ഒബ്സര്‍വേഷന്‍ വാര്‍ഡ്, വണ്‍സ്റ്റോപ്പ് സെന്റര്‍, എമര്‍ജന്‍സി ഓപ്പറേഷന് തീയറ്റര്‍, എംആര്‍ഐ, സിടി, മാമോഗ്രാം, എക്സ്റേ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍, ഓപ്പറേഷന് തീയറ്ററുകള്‍, വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍, പ്രീ-പോസ്റ്റ് ഓപ്പറേഷന് വാര്‍ഡുകള്‍, ലാബുകള്‍ മുതലായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുന്നത്.