തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷംരൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുവരെ 95 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടുകള്‍ വാസയോഗ്യമല്ലാതായവര്‍ക്കും (70 ശതമാനത്തിന് മുകളില്‍), പൂര്‍ണമായി തകര്‍ന്നവര്‍ക്കും 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ 6 ലക്ഷവും ചേര്‍ത്ത് 10 ലക്ഷം രൂപ നല്‍കും.
പ്രളയ ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 10,000 രൂപ വരെ അടിയന്തര സഹായം നല്‍കും. ദുരന്ത ബാധിതര്‍ക്ക് 15 കിലോ അരി സൗജന്യമായി വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തും. 1,118 ക്യാംപുകളിലായി 1,89,567 പേരാണ് കഴിയുന്നത്.
. 64 സ്ഥലങ്ങളിലാണ് ഇത്തവണ ഉരുള്‍പൊട്ടിയത്. ഇതാണ് മരണം ഉയര്‍ത്താനിടയാക്കിയത്. അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. ദുരന്തനിവാരണ നിയമം അനുസരിച്ച് വിജ്ഞാപനം ഇറക്കാന്‍ ദുരന്തനിവാരണ അതാറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 15 ശതമാനം മുതല്‍ 100 ശതമാനം വരെ തകര്‍ച്ച നേരിട്ട വീടുകളുണ്ട്. പ്രകൃതി ദുരന്ത സാധ്യത കണക്കാക്കി മുന്നറിയിപ്പിന്റെ ഭാഗമായി ക്യാംപുകളില്‍ താമസമാക്കിയവരുണ്ട്. ഇവരുടെ കണക്കുകള്‍ കൃത്യമായി പരിശോധിക്കും. വില്ലേജ് ഓഫിസര്‍, തദ്ദേശ സ്ഥപനത്തിലെ സെക്രട്ടറി എന്നിവര്‍ പരിശോധിച്ച് ധനസഹായത്തിന് അര്‍ഹമായ വീടുകള്‍ കണ്ടെത്തുകയാണ് ചെയ്യുക.
കഴിഞ്ഞ തവണത്തെ പ്രളയത്തില്‍നിന്ന് കരകയറാന്‍ 31,000 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. ഈ വര്‍ഷം ദുരന്തമുണ്ടായതോടെ കൂടുതല്‍ തുക കണ്ടെത്തേണ്ടിവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രളയ ബാധിതര്‍ക്കുവേണ്ടി ജനങ്ങള്‍ നല്‍കിയ സംഭാവന അതിനുവേണ്ടി മാത്രം ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2276.40 കോടി രൂപയാണ് ഇതുവരെ ദുരിതാശ്വാസനിധിയില്‍നിന്ന് ചെലവഴിച്ചത്. സര്‍ക്കാര്‍ എല്ലാ വര്‍ഷവും ബജറ്റില്‍നിന്ന് ദുരിതാശ്വാസനിധിയിലേക്ക് പണം മാറ്റി വയ്ക്കാറുണ്ട്. അതാണ് ചികില്‍സാ ചെലവ് അടക്കമുള്ള കാര്യങ്ങള്‍ക്ക് നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.