തെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തിന് ഇറാന്‍ നല്‍കിയ തിരിച്ചടിയില്‍ ഒരു മരണം. 60 പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. ജറുസലേമില്‍ നടന്ന ഉഗ്രസ്‌ഫോടനത്തില്‍ ഇസ്രായേല്‍ വനിത കൊല്ലപ്പെട്ടു. ഡ്രോണ്‍ ആക്രമണം മാത്രമല്ല മിസൈലുകളും എത്തിയെന്നാണ് ഇസ്രയേല്‍ അറിയിക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇസ്രായേല്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, യുദ്ധവിമാനം വെടിവെച്ചിട്ടെന്ന വാര്‍ത്തകള്‍ ഇസ്രായേല്‍ നിഷേധിച്ചു.
ഇറാന്റെ നതന്‍സ്, ഇസ്ഫഹാന്‍, ഫര്‍ദോ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തിയത്. നതന്‍സ് ആണവ കേന്ദ്രത്തില്‍ കനത്ത നാശമുണ്ടായി. ആണവ കേന്ദ്രത്തിന്റെ മുകള്‍ ഭാഗത്തെ സംവിധാനങ്ങള്‍ തകര്‍ന്നതായാണ് ലഭിക്കുന്ന വിവരം. 60 ശതമാനം യൂറേനിയം സമ്പുഷ്ടീകരിക്കാന്‍ ശേഷിയുണ്ട് നതന്‍സ് ആണവനിലയത്തിന്. വൈദ്യുതി, ജനറേറ്റര്‍ സംവിധാനങ്ങളും തകര്‍ന്നു.
തകര്‍ന്ന ആണവനിലയത്തില്‍ നിന്നുള്ള റേഡിയേഷനില്‍ റഷ്യ ആശങ്ക രേഖപ്പെടുത്തി. എന്നാല്‍, റേഡിയേഷന്‍ അളവ് കുറവാണെന്നാണ് വിവരം. തെക്കന്‍ തെഹ്‌റാനില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയാണ് നതന്‍സ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.