മഴക്കാലം ശക്തി പ്രാപിക്കുന്നതോടൊപ്പം പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി അറിയിച്ചു. ജില്ലാതാലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രിയിലും പനിക്ലിനിക്കുകളും പ്രത്യേക നിരീക്ഷണ വാര്‍ഡും സജ്ജമാണ്. എല്ലാ പ്രധാന ആശുപത്രികളിലും ‘കഫ് കോര്‍ണര്‍’ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഐസോലേഷന്‍ വാര്‍ഡ് സജ്ജമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികള്‍, തീരദേശ പ്രദേശങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണവും ശ്രദ്ധയും ഉറപ്പ് വരുത്തുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ആരോഗ്യസ്ഥാപനങ്ങളില്‍ മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുള്ള സ്വാകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിദിന റിപ്പോര്‍ട്ടിങ്ങ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാരുടെ യോഗവും മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.ഓരോ സ്ഥാപനങ്ങളിലെയും ദ്രുതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷത്തോടനുബന്ധിച്ച് ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങളും, പകര്‍ച്ചവ്യാധികളും നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സ്ഥാപനതലത്തില്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 16 ബ്ലോക്ക് ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഓരോ ബ്ലോക്കിന്റെയും ചാര്‍ജ് ഓരോ ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നല്‍കി.ഉത്തര ദക്ഷിണ മേഖലകള്‍ കേന്ദ്രീകരിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ യോഗം ചേരുകയും പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പകര്‍ച്ചവ്യാധികളെ കുറിച്ചും ചികിത്സാ മാര്‍ഗ്ഗങ്ങളെ കുറിച്ചും പ്രതിരോധമാര്‍ഗ്ഗങ്ങളെ കുറിച്ചും പ്രത്യേക പരിശീലനം നല്‍കി. കൂടാതെ വ്യക്തിഗത സുരക്ഷമാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതിനെകുറിച്ചും ആശുപത്രികളിലെ രോഗസംക്രമണം കുറയ്ക്കുന്നതിനുള്ള മര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ കുറിച്ചും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
വാര്‍ഡ് തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മറ്റികള്‍ ശാക്തീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി വാര്‍ഡ് തലത്തില്‍ ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ നടപ്പിലാക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം ഉണ്ടാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.